സാനിയ ഖേല്‍രത്ന പുരസ്കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം ടെന്നിസ് താരം സാനിയ മിര്‍സ ഏറ്റുവാങ്ങി. ദേശീയ കായികദിനമായ ഇന്ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സാനിയ പുരസ്കാരം ഏറ്റുവാങ്ങി. മലയാളികളായ ഇന്ത്യന്‍ ഹോക്കി വൈസ് ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് അര്‍ജുന പുരസ്കാരവും, മുന്‍ ഇന്ത്യന്‍ വോളിബാള്‍ ക്യാപ്റ്റന്‍ ടി.പി. പത്മനാഭന്‍ നായര്‍ ധ്യാന്‍ചന്ദ് പുരസ്കാരവും ഏറ്റുവാങ്ങി. 17 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചത്. ഖേല്‍രത്നക്ക് 7.5 ലക്ഷവും, അര്‍ജുനക്ക് അഞ്ചു ലക്ഷവുമാണ് സമ്മാനം. കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടക്കമുള്ള കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങിനെ ത്തിയിരുന്നു. ലിയാണ്ടര്‍ പേസിനു ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് സാനിയ.



സാനിയക്കു ഖേല്‍രത്ന പുരസ്കാരം നല്‍കുന്നത് കര്‍ണാടക ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പാരാലിംപ്യനായ എച്ച്.എന്‍.ഗിരിഷയുടെ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്. കോടതി ഇടപെടലുകള്‍ പുരസ്കാരം വാങ്ങുന്നതിനു തടസമാകില്ളെ ന്ന് സാനിയയുടെ മാതാവ് നസീമ നേരത്തേ വ്യക്തമാക്കി. പുരസ്കാരം സ്വീകരിച്ചതിനു ശേഷം യു.എസ് ഓപ്പണിനായി സാനിയ അമേരിക്കയിലേക്ക് യാത്രതിരിക്കുമെന്നും മാതാവ് വ്യക്തമാക്കി.



2012-ലെ ലണ്ടന്‍ പാരാലിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ തനിക്ക് ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഗിരിഷയുടെ വാദം. ഹരജി അംഗീകരിച്ച കോടതി വിഷയത്തിലെ നിലപാട് അറിയിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിനും സാനിയക്കും നോട്ടീസ് അയച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.