കോഴിക്കോട്: വോളിബാളിലെ രാജകിരീടം സ്വന്തമാക്കാന്‍ റെയില്‍വേയും കേരളവും തമ്മില്‍ മറ്റൊരു പോരാട്ടത്തിനുകൂടി അരങ്ങൊരുങ്ങുന്നു. 66ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഫൈനലില്‍ സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററില്‍ ഇരുവിഭാഗത്തിലും ആതിഥേയരായ കേരളം ബുധനാഴ്ച െറയില്വേസിനെ നേരിടും.
പുരുഷവിഭാഗം സെമിയില്‍ അയല്‍ക്കാരായ തമിഴ്നാടിനെ കീഴടക്കിയാണ് ജെറോം വിനീതും സംഘവും ഫൈനലിലേക്ക് കുതിച്ചത്. സ്കോർ: 25-22, 30-28, 25-22. വനിത വിഭാഗത്തില്‍ മഹാരാഷ്ട്രയെ മുക്കിയാണ് റെയില്‍വേ തുടര്‍ച്ചയായ പത്താം കിരീട പോരാട്ടത്തിനര്ഹരായത്. സ്കോർ: 25-8, 25-14, 25-18. ബുധനാഴ്ച വൈകീട്ട് മൂന്നിന് വനിത ഫൈനലും അഞ്ചിന് പുരുഷ ഫൈനലും നടക്കും.
മത്സരങ്ങള്‍ ഫ്ലവേഴ്സ് ടി.വിയില്‍ തത്സമയം സംപ്രേഷണം ചെയ്യും. രാവിലെ ഒമ്പതിന് വനിത ലൂസേഴ്സ് ഫൈനലില്‍ മഹാരാഷ്ട്ര തമിഴ്നാടിനെയും പുരുഷന്മാരില് 11 മണിക്ക് തമിഴ്നാട് സര്‍വിസസിനെയും നേരിടും.
ഉശിരന്‍ കേരളം
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനക്കെതിര വിറച്ച കേരളം സെമിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. തമിഴനായ ജെറോം വിനീതിെൻറ സ്മാഷില്‍ അക്കൗണ്ട് തുറന്ന ആതിഥേയര്‍ക്ക് തിങ്ങിനിറഞ്ഞ കാണികളും ആവേശപിന്തുണയേകി. ജെറോമിെൻറ സ്മാഷുകളെല്ലാം പോയൻറില്‍ അവസാനിച്ചത് ആരാധകരെ ആഹ്ലാദിപ്പിച്ചു.
അജിത്ത് ലാലിെൻറയും ജി.എസ്. അഖിെൻറയും രോഹിതിെൻറയും പ്രകടനവും ശ്രദ്ധേയമായി. ലിബറോ സി.കെ. രതീഷും കേരളത്തിെൻറ ജയത്തിന് മികച്ച സംഭാവനയേകി. തമിഴ്നാട് നിരയില്‍ ക്യാപ്റ്റന്‍ ആനന്ദരാജും ഇൻറര്‍നാഷനല്‍ ജി.എസ്. വൈഷ്ണവും പ്രവീണ്‍കുമാറും പതിവ് ഫോമിലായിരുന്നു. അഞ്ചു സർവിസുകള്‍ നഷ്ടപ്പെടുത്തിയതായിരുന്നു തമിഴ്നാടിെൻറ തോല്‍വിയില്‍ നിര്‍ണായകമായത്.
രണ്ടാം സെറ്റില്‍ തമിഴ്നാട് പ്രതിരോധം ശക്തമാക്കി. 2-2ല്‍ തുടങ്ങിയ പോരാട്ടം 29-29 വരെ തുടര്‍ന്നു. 21-19ല്‍ നിൽക്കെ സെറ്റര്‍ മുത്തുസ്വാമിയെ മാറ്റി എൻ. ജിതിനെ ഇറക്കിയത് കേരളത്തിന് ഗുണകരമായി. രോഹിത് ഷോട്ബാള് സ്മാഷിലൂടെ നേടിയ പോയൻറുകള്‍ ആതിഥേയരെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തി. ജിതിെൻറയും രോഹിതിെൻറയും ബ്ലോക്കിലാണ് കേരളം വിജയത്തിലെത്തിയത്. മൂന്നാം സെറ്റിലും ജെറോമും ടീമും പതറാതെ കളിച്ച് ൈഫനല്‍ ടിക്കറ്റുറപ്പാക്കി.
കിതക്കാതെ റെയിൽേവ
വനിതകളിൽ കരുത്തരായ റെയിൽവേ സൂപ്പർഫാസ്റ്റ് വേഗത്തിലാണ് മഹാരാഷ്ട്രയെ കെട്ടുകെട്ടിച്ചത്. രാജ്യാന്തര താരങ്ങൾ നിറഞ്ഞ തീവണ്ടിപ്പടക്ക് വമ്പൻ പോരാട്ടത്തിന് മുമ്പുള്ള പരിശീലന മത്സരം മാത്രമായിരുന്നു സെമി പോരാട്ടം.
മുൻ ക്യാപ്റ്റൻ മിനിമോൾ അബ്രഹാമും നിർമലും ഉതിർത്ത സ്മാഷുകൾക്ക് മറാത്ത കളത്തിൽ മറുപടിയുണ്ടായില്ല. വടകര സ്വദേശിനി എം.എസ്. പൂർണിമയുടെ സെർവിൽ ആദ്യ സെറ്റിൽ തുടർച്ചയായ ആറു പോയൻറുകൾ റെയിൽവേ സ്വന്തമാക്കി.
രണ്ടാം സെറ്റിൽ 11-13 എന്ന പോയൻറ് നിലവരെ പൊരുതിയെങ്കിലും സെറ്റർ ഭാഗ്യലക്ഷ്മിയുടെ പരിക്ക് മഹാരാഷ്ട്രക്ക് പിന്നീട് തിരിച്ചടിയായി. രണ്ടാം സെറ്റിൽ റെമ്പിൾ ദേവിയും മലയാളി ക്യാപ്റ്റൻ സി.സി. ആതിരയും കെ. അശ്വനിയുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. മൂന്നാം സെറ്റിൽ ചടങ്ങുതീർത്ത് റെയിൽവേ അംഗനമാർ തുടർച്ചയായ പത്താം കിരീടത്തിനായുള്ള കലാശപ്പോരിലേക്ക് കൂകിപ്പാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.