റയൽ മാഡ്രിഡ് താരം അന്റോണിയോ റുഡിഗർ
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന് നോമ്പുതുറക്കാനായി വേഗത്തിൽ മടങ്ങി റയൽ മഡ്രിഡ് താരം അന്റോണിയോ റൂഡിഗർ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് ജർമൻ പ്രതിരോധ താരം തന്റെ വിശ്വാസത്തിന് മുൻഗണന നൽകി ആരാധകരുടെ കൈയടി നേടിയത്.
വാർത്താസമ്മേളനം അവസാനിച്ചോ എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച താരം, സമയം അതിക്രമിച്ചെന്ന് മനസ്സിലാക്കിയതോടെ "റമദാൻ, റമദാൻ" എന്ന് ഉരുവിട്ടുകൊണ്ട് വേഗത്തിൽ വേദി വിടുകയായിരുന്നു. മൊബൈലിൽ സമയം പരിശോധിച്ചുകൊണ്ട് നോമ്പുതുറക്കാനും പ്രാർഥനക്കുമായി താരം തിരക്കിട്ട് പോകുന്നത് വാർത്താസമ്മേളനത്തിൽ കൗതുകം പടർത്തി. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
റമദാൻ വ്രതം അനുഷ്ഠിച്ചുകൊണ്ടാണ് റുഡിഗർ സിറ്റിക്കെതിരായ വലിയ മത്സരത്തിന് തയാറെടുക്കുന്നത്. ആദ്യ മത്സരത്തിൽ സിറ്റിയെ 3-0ന് തകർക്കുന്നതിൽ റുഡിഗറുടെ പ്രതിരോധം വലിയ പങ്കുവഹിച്ചിരുന്നു. സൂപ്പർ താരം ഫെഡറികോ വാൽവെർദെയുടെ തകർപ്പൻ ഹാട്രിക്കിലായിരുന്നു അന്ന് റയലിന്റെ ആധിപത്യം.
2022ൽ ചെൽസിയിൽനിന്ന് റയലിലെത്തിയ റുഡിഗർ ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ പ്രതിരോധക്കോട്ടയിലെ മിന്നും താരമായി മാറി. ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ ഡെൽ റേ തുടങ്ങി നിരവധി കിരീട നേട്ടങ്ങളിൽ ഇതിനകംതന്നെ പങ്കാളിയായ ഈ 33കാരൻ നിർണായക മത്സരങ്ങളിലെ പോരാട്ടവീര്യം കൊണ്ട് ആരാധകരുടെ പ്രിയതാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.