‘ഗില്ലിന് വഴിയൊരുക്കാൻ സഞ്ജുവിനെ മാറ്റിയത് ഗുരുതര പിഴവ്, ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കിയത് അതിലും മോശം’ -ഗംഭീറിനും സൂര്യക്കുമെതിരെ ആഞ്ഞടിച്ച് മഞ്ജ്രേക്കർ

മുംബൈ: മലയാളി ബാറ്റർ സഞ്ജു സാംസണിനോട് ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും അടക്കമുള്ള ടീം മാനേജ്മെന്റ് ചെയ്ത കൊടിയ ​ദ്രോഹങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജ്രേക്കർ. സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിനെ കൈകാര്യം ചെയ്തതിൽ ടീം മാനേജ്‌മെന്റിന് ഗുരുതരമായ അബദ്ധങ്ങൾ സംഭവിച്ചതായി ഇൻസ്റ്റാഗ്രാം വീഡിയോയിൽ മഞ്ജ്രേക്കർ ചൂണ്ടിക്കാട്ടി.

സഞ്ജുവിന്റെ മികവിൽ ഇന്ത്യൻ ടീം ട്വന്റി20 ലോകകപ്പ് ജയിച്ചെങ്കിലും തനിക്ക് പറയാനുള്ളത് മഞ്ജ്രേക്കർ തുറന്നു പറയുകയായിരുന്നു. സഞ്ജുവിനു നേരെയുണ്ടായ അവഗണനയെ വിഡിയോയിൽ അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ശുഭ്മൻ ഗില്ലിന് വഴിയൊരുക്കാൻ സഞ്ജുവിനെ ഓപണർ സ്ഥാനത്തുനിന്ന് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് മഞ്ജ്രേക്കർ ആഞ്ഞടിച്ചത്.

‘സഞ്ജു സാംസണിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റിന് ഗുരുതരമായ അബദ്ധങ്ങൾ സംഭവിച്ചു എന്നാണ് ഞാൻ കരുതുന്നത്. ശുഭ്മൻ ഗില്ലിന് വഴിയൊരുക്കാൻ അവനെ ഓപണർ സ്ഥാനത്തുനിന്ന് മാറ്റിയത് ​തീർത്തും തെറ്റായ തീരുമാനമായിരുന്നു. സഞ്ജു തന്റെതിഭ തെളിയിച്ച സമയമായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20യിൽ അഞ്ച് ഇന്നിങ്സിൽ മൂന്ന് സെഞ്ചുറികൾ നേടി. എന്നാൽ, ഏതാനും ഇന്നിങ്സുകൾക്ക് ശേഷം ബാറ്റിങ് ഓർഡറിൽ പിന്തള്ളപ്പെട്ടു. ശുഭ്മൻ ഗിൽ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് സീരീസിൽ മികവു കാട്ടി എന്ന് പറഞ്ഞായിരുന്നു അത്.

ശുഭ്മൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി കളിച്ചതുകൊണ്ട് അദ്ദേഹത്തെ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതാണ് അതിശയം. ബാറ്റിങ് ഓർഡറിൽ ഓപണറുടെ സ്ഥാനത്തുണ്ടായിരുന്ന സഞ്ജുവിനെ ഗില്ലിന് വഴിയൊരുക്കാൻ വേണ്ടി ഓർഡറിൽ താഴേക്ക് ഇറക്കിയെന്നതാണ് അതിലും മോശം. ഒട്ടും യുക്തിക്ക് നിരക്കാത്ത കാര്യമാണിത്. ഈ തീരുമാനങ്ങൾ സഞ്ജുവിന്റെ താളം നഷ്ടപ്പെടുത്തി. ആ ഫോം ഇടിവ് ട്വന്റി20 ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമാകുന്നതിന് വഴിയൊരുക്കി. ബാറ്റിങ് ഓർഡറിൽ പിൻനിരയിൽ ബാറ്റ് ചെയ്യുകയായിരുന്നതിനാൽ ടീം മാനേജ്മെന്റിന് എളുപ്പം ഒഴിവാക്കാൻ കഴിയുന്ന താരമായി മാറിയെന്നും മഞ്ജ്രേക്കർ പറഞ്ഞു. എന്നിട്ടും സഞ്ജു തിരിച്ചുവന്ന  രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ടീം മാനേജ്മെന്റിന്റെ അബദ്ധങ്ങൾക്കിടയിലാണ് വിധി ഇടപെട്ടത്. ഒരു മത്സരത്തിൽ റിങ്കു സിങ്ങിന്റെ അഭാവം സാംസണ് തിരിച്ചുവരാൻ അവസരം നൽകി. മൂന്നാം നമ്പറിൽ റൺ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന തിലക് വർമ ഓർഡറിൽ താഴേക്ക് പോയി. ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു. സഞ്ജുവിന് ഓപണർ സ്ഥാനം ലഭിച്ചു. ലോകകപ്പിന്റെ തുട​ക്കം മുതലേ ആ സ്ഥാനം അവന്റേതായിരിക്കേണ്ടതായിരുന്നു. ബാക്കിയുള്ളത് ചരിത്രം’ -മഞ്ജ്രേക്കർ വിശദീകരിച്ചു.

ട്വന്റി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. എന്നാൽ, ടൂർണമെന്റിലെ വിധിനിർണായകമായ സൂപ്പർ എട്ട് മത്സരത്തിലും സെമിഫൈനൽ, ഫൈനൽ എന്നിവയിലുമായി മൂന്ന് മത്സരങ്ങളിൽ 97*, 89, 89 എന്നിങ്ങനെ തുടരെ തകർപ്പൻ അർധസെഞ്ച്വറികളുമായി സഞ്ജു ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. 199.37 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക് റേറ്റിൽ 321 റൺ നേടി ഇന്ത്യയുടെ മികച്ച റൺവേട്ടക്കാരനായ സഞ്ജുവായിരുന്നു ​െപ്ലയർ ഓഫ് ദ ടൂർണമെന്റ്. 

Tags:    
News Summary - Sanjay Manjrekar Slams Gautam Gambhir Despite T20 World Cup Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT