കോഴിക്കോട്: സംസ്ഥാന പൊലീസ് കായികമേളക്ക് വ്യാഴാഴ്ച കോഴിക്കോട് തുടക്കം. മൂന്നു ദിവസങ്ങളിലായി മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലാണ് 45ാം പൊലീസ് കായികമേള. അത്ലറ്റിക് ഇനങ്ങളാണ് കോഴിക്കോട്ട് നടക്കുന്നതെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുദേഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുരുഷവിഭാഗത്തില്‍ 22 മത്സര ഇനങ്ങളും വനിതാവിഭാഗത്തില്‍ 13 ഇനങ്ങളുമാണ് ഉള്‍പ്പെടുത്തിയത്. ഇതുകൂടാതെ പഴയകാല താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള നാലിനങ്ങളും നടക്കും. കണ്ണൂരില്‍ നടന്ന ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് ചാമ്പ്യന്മാരായി. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍ (കെ.എ.പി- 4) റണ്ണേഴ്സ് അപ്പായി. തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം സിറ്റി ചാമ്പ്യന്മാരും തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലീസ് റണ്ണേഴ്സ് അപ്പുമായി. മലപ്പുറത്തു നടന്ന വോളിബാള്‍ മത്സരത്തില്‍ എം.എസ്.പി. മലപ്പുറം ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലാ പൊലീസാണ് റണ്ണേഴ്സ് അപ്പ്.
കൊച്ചിയില്‍ നടന്ന ഷട്ടില്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (സിംഗ്ള്‍സ്) തിരുവനന്തപുരം സിറ്റിയാണ് ചാമ്പ്യന്മാര്‍. ഡബ്ള്‍സില്‍ തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലീസാണ് ചാമ്പ്യന്മാര്‍. പത്തനംതിട്ടയില്‍ നടന്ന ബാസ്കറ്റ്ബാളില്‍ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്‍ (കെ.എ.പി- 1) ചാമ്പ്യന്മാരായി. കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന്‍ (കെ.എ.പി. 5) റണ്ണേഴ്സ് അപ്പായി. കൊല്ലത്ത് നടന്ന കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ചാമ്പ്യന്മാരും ആലപ്പുഴ റണ്ണേഴ്സ്അപ്പുമായി. വ്യാഴാഴ്ച രാവിലെ മുതല്‍ അത്ലറ്റിക് മത്സരങ്ങള്‍ക്കു തുടക്കമാവും. വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയും 22ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ്, സിറ്റി പൊലീസ് കമീഷണര്‍ ഉമ ബഹ്റ, കണ്ണൂര്‍ എ.ആര്‍. ക്യാമ്പ് അസി. കമാന്‍ഡന്‍റ് വി.കെ. അബ്ദുള്‍ നിസാര്‍, കോഴിക്കോട് സിറ്റി അഡ്മിനിസ്ട്രേഷന്‍ അസി. കമീഷണര്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.