ലണ്ടൻ: കോവിഡ് ഏറെ ബാധിച്ച കായികരംഗത്ത് നീട്ടിവെക്കൽ തുടരുന്നു. ഡച്ച്, സ്പാനിഷ്, മൊണാകോ ഗ്രാൻപ്രീകളാണ് ഏറ്റവുമൊടുവിൽ നീട്ടിവെച്ചത്. വർഷാദ്യം നടക്കേണ്ട ആസ്ട്രേലിയ, ബഹ്റൈൻ, വിയറ്റ്നാം, ചൈന ഗ്രാൻപ്രീകൾ നേരത്തേ നീട്ടിവെച്ചിരുന്നു. മേയ് അവസാനത്തോടെ ലോകം പൂർണ രോഗമുക്തി ഉറപ്പാക്കി തുടർന്നുള്ള മത്സരങ്ങൾ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാൻപ്രീ സംഘാടക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. മക്ലാറൻ ടീം അംഗം കോവിഡ് ബാധിതനായതോടെയാണ് കഴിഞ്ഞയാഴ്ച ആസ്ട്രേലിയൻ ഗ്രാൻപ്രീ അവസാന നിമിഷം നീട്ടിയത്. മക്ലാറൻ ടീമിെൻറ ഭാഗമായ 16 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ഫെബ്രുവരിയിലായിരുന്നു ചൈനീസ് ഗ്രാൻപ്രീ നടക്കേണ്ടിയിരുന്നത്.
കൂടുതൽ മത്സരങ്ങൾ റദ്ദാക്കേണ്ടിവന്നാൽ ഒന്നാം നമ്പർ കാറോട്ടത്തിലെ ലോക ചാമ്പ്യൻഷിപ് അപ്രസക്തമാകും. എട്ടു മത്സരങ്ങളെങ്കിലും ഒരു വർഷം നടന്നിരിക്കണമെന്നാണ് ചട്ടം. ജൂൺ ഏഴിന് അസർബൈജാൻ ഗ്രാൻപ്രീയോടെ വീണ്ടും സജീവമാകാനാകുമെന്നാണ് പ്രതീക്ഷ. നിർത്തിവെച്ച ഗ്രാൻപ്രീകൾക്കുകൂടി അവസരമുണ്ടാകുംവിധം മൊത്തം മത്സരക്രമവും പുനഃസംവിധാനിക്കുന്നതുൾപ്പെടെ പരിഗണനയിലാണ്.
പ്രോ ഹോക്കി ലീഗ് മേയ് 17 വരെ നീട്ടി
ലോസൻ: പ്രോ ഹോക്കി ലീഗിലെ മത്സരങ്ങൾ മേയ് 17 വരെ നീട്ടിവെച്ചതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ. കഴിഞ്ഞ ശനിയാഴ്ച ഏപ്രിൽ 15 വരെയുള്ള മത്സരങ്ങൾ മാറ്റിവെച്ചതായി പ്രഖ്യാപിച്ചിരുന്നു. തീരുമാനം ജർമനിക്കും (ഏപ്രിൽ 25, 26) ബ്രിട്ടനുമെതിരായ (മേയ് 2, 3) ഇന്ത്യയുടെ മത്സരങ്ങളെയും ബാധിക്കും. ന്യൂസിലൻഡിനും (മേയ് 23, 24) അർജൻറീനക്കുമെതിരെ (ജൂൺ 5, 6) നാട്ടിലും വലൻസിയയിൽ സ്പെയിനിനെതിരെയുമാണ് (ജൂൺ 13, 14) ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ.
ഏപ്രിൽ 15 വരെ സെലക്ഷൻ ട്രയലുകളും പാടില്ല
ന്യൂഡൽഹി: ഏപ്രിൽ 15 വരെ രാജ്യത്ത് എല്ലാവിധ കായിക മത്സരങ്ങൾക്കും സെലക്ഷൻ ട്രയലുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ബി.സി.സി.ഐ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവക്ക് നൽകിയ ഉത്തരവിലാണ് ഒരു തരത്തിലുള്ള മത്സരങ്ങളും പാടില്ലെന്ന് വിലക്കിയത്.
ടോക്യോ ഒളിമ്പിക്സിന് തയാറെടുക്കുന്ന താരങ്ങൾക്ക് പുറത്തുനിന്ന് ആരുടെയും സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരം ക്യാമ്പുകളിലുള്ള പരിശീലകർ, ടെക്നിക്കൽ സ്റ്റാഫ്, അത്ലറ്റുകൾ എന്നിവർ ആവശ്യമായ നിരീക്ഷണ ചട്ടങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല.
ജൂൺ ഏഴുവരെ ടെന്നിസ് കോർട്ടിൽ കളിയില്ല
വാഷിങ്ടൺ: ജൂൺ ഏഴുവരെ പ്രഫഷനൽ ടെന്നിസ് കോർട്ടുകളിൽ കളിമുടക്കം. സീസണിലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാമായ ഫ്രഞ്ച് ഓപൺ മേയിൽനിന്ന് സെപ്റ്റംബറിലേക്ക് മാറ്റിയതിനുപിന്നാലെയാണ് എ.ടി.പിയും ഡബ്ല്യു.ടി.എയും എല്ലാ കളികളും റദ്ദാക്കിയത്. എ.ടി.പി ചലഞ്ചർ ടൂറും ഐ.ടി.എഫ് വേൾഡ് ടെന്നിസ് ടൂറും റദ്ദാക്കിയവയിൽ പെടും. കളികൾ നടക്കാത്തതിനാൽ പുരുഷ, വനിത വിഭാഗങ്ങളിലെ റാങ്കിങ് മരവിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.