ബാംബോലിം: കൗമാര ലോകകപ്പിൽ ത്രസിപ്പിക്കുന്ന കളിയഴകുമായി എതിരാളികളുടെ കൈയടി നേടിയ ലൂയി നോർട്ടൻ ഡിമാറ്റോസിെൻറ കുട്ടികൾക്ക് െഎ ലീഗിൽ രാജകീയ അരങ്ങേറ്റം. സീനിയർ താരങ്ങളുടെ ലീഗിൽ ഫുട്ബാൾ ഫെഡറേഷൻ ടീമായ ‘ഇന്ത്യൻ ആരോസ്’ ജഴ്സിയിൽ ഇറങ്ങിയ കൗമാരപ്പട മറുപടിയില്ലാത്ത മൂന്ന് ഗോളിന് ചെന്നൈ സിറ്റി എഫ്.സിയെ തരിപ്പണമാക്കി. അണ്ടർ-17 ഫിഫ ലോകകപ്പിനുശേഷം ടീമിനെ നിലനിർത്താനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് കൗമാരസംഘത്തെ അതേപോലെ െഎ ലീഗിലിറക്കിയത്. ഭാവി ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള തീരുമാനം പിഴച്ചില്ല.
ലോകകപ്പിൽ കൊളംബിയയെയും അമേരിക്കയെയും ഘാനയെയും വിറപ്പിച്ച അതേ വീര്യം ബാംബോലിമിലെ ജി.എം.സി സ്റ്റേഡിയത്തിലും കണ്ടു. മഹാരാഷ്ട്ര താരം അനികേത് ജാദവ് ഇരട്ട ഗോളുമായി നിറഞ്ഞപ്പോൾ, 90ാം മിനിറ്റിൽ ബോറിസ് സിങ് താങ്ജാമിെൻറ ബൂട്ടിൽനിന്നായിരുന്നു മൂന്നാം ഗോൾ.
അണ്ടർ-17, 19 ഇന്ത്യൻ ടീമിലെ താരങ്ങളെ അണിനിരത്തിയായിരുന്നു ഡി മാറ്റോസ് കൗമാരസംഘത്തെ കളത്തിലിറക്കിയത്. ലോകകപ്പിലെ ഏക ഇന്ത്യൻ ഗോളിനുടമയായ ജീക്സൺ സിങ്, അനികേത്, മലയാളിതാരം കെ.പി. രാഹുൽ എന്നിവർക്കൊപ്പം അണ്ടർ-19 താരം എഡ്മൺ ലാൽറിൻഡിക എന്നിവരിലായിരുന്നു ഇന്ത്യൻ ആരോസിെൻറ മുന്നേറ്റം.
പ്രതിരോധത്തിൽ അൻവർ അലിയും ക്യാപ്റ്റൻ ജിതേന്ദ്രസിങ്ങും ബോറിസും ചേർന്ന് കോട്ടകാത്തു. ഗോൾ പോസ്റ്റിനു കീഴിൽ ധീരജ് സിങ് മൊയ്റാങ്തമിെൻറ ചോരാത്ത കൈകളും.
അതേമസയം, എതിരാളികളായ ചെന്നൈ സിറ്റി സീനിയർ താരങ്ങൾ നിറഞ്ഞതായിരുന്നു. പ്രദീപ് മോഹൻരാജ്, നൈജീരിയക്കാരൻ ലക്കി കെലീചുക്വ തുടങ്ങി തടിമിടുക്കും ഉയരവുംകൊണ്ട് വല്യേട്ടന്മാരായവർ തന്നെ. പന്തുരുണ്ട് തുടങ്ങിയപ്പോൾ, ലോകനിലവാരത്തിലേക്ക് ഉയർന്ന കൗമാരപ്പടയുടെ കളിയഴക് മൈതാനം കവർന്നു. വിങ്ങും മുന്നേറ്റവും ഒരുപോലെ ഇളക്കിമറിച്ച നീക്കങ്ങളിൽ ചെന്നൈയുടെ േചട്ടന്മാർ വിയർത്തു. 20ാം മിനിറ്റിൽ വലതു വിങ്ങിൽനിന്നും രാഹുൽ നൽകിയ ക്രോസ് വലയിലാക്കിയാണ് അനികേത് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ 58ാം മിനിറ്റിൽ രാഹുലിന് പാകമായി എഡ്മണ്ട് ലാൽറിൻഡിക നൽകിയ ക്രോസ് അനികേത് ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോളും നേടി. എതിരാളിയെ തീർത്തും വരിഞ്ഞുകെട്ടിയ പ്രതിരോധവും ഗോളി ധീരജിെൻറ പ്രകടനവും കൈയടി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.