ഗോവ എഫ്.സിയെ മുംബൈ വീഴ്ത്തി; ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്ത്

മുംബൈ: തോല്‍വികള്‍ക്കൊടുവില്‍ നാട്ടിലത്തെിയപ്പോള്‍ മുംബൈ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പെനാല്‍റ്റിയിലൂടെയും ഫ്രെഡറിക് പിക്വിയോണ്‍ ഹെഡറിലൂടെയും നേടിയ ഗോളിലൂടെ ഒന്നാം സ്ഥാനക്കാരായ എഫ്.സി ഗോവയെ തകര്‍ത്തുകൊണ്ട് മുംബൈയുടെ കുതിപ്പ്. കളിയുടെ ഇരു പകുതികളിലുമായാണ് മുംബൈ എതിര്‍വല കുലുക്കിയത്. 33ാം മിനിറ്റില്‍ പിക്വിയോണിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി കട്ടിമണി കാത്ത വലയുടെ വലതുമൂലയിലേക്ക് കുത്തിയിറക്കി ടീമിന് മുന്‍തൂക്കം നല്‍കിയപ്പൊഴേ എതിരാളികള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

പൊരുതിനേടിയ ലീഡുമായി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ മുംബൈക്ക് മൂന്നു മിനിറ്റിനകം വീണ്ടും വലകുലുക്കാനായി. ബോക്സിന്‍െറ ഇടതുമൂലക്ക് പുറത്തുനിന്നും ഫ്രീകിക്ക് കണക്കെ നോര്‍ദെ നല്‍കിയ ക്രോസില്‍ പന്ത് പോസ്റ്റിനു മുന്നിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഒപ്പം ചാടിവീണ പിക്വിയോണിന് തലവെക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സൂപ്പര്‍ ലീഗിലെ ആകെ ഗോളെണ്ണം 50ലത്തെിയതിനൊപ്പം ഗോവയുടെ അന്ത്യംകുറിച്ച് മുംബൈയുടെ വിജയവും.

കേരള ബ്ളാസ്റ്റേഴ്സിനെ നേരിട്ട ടീമില്‍ രണ്ടു മാറ്റം മാത്രം വരുത്തിയാണ് സീകോ കളത്തിലിറങ്ങിയത്. മുംബൈ ഇലവനില്‍ കോച്ച് നികളസ് അനല്‍ക ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. അഞ്ച് വിദേശികളെ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ ആറു പേരും ഇന്ത്യക്കാര്‍. അഷുതോഷ് മെഹ്തയും ഫ്രെഡറിക് പിക്വിയോണും മാത്രം പുതുതായി ടീമിലത്തെി. കിക്കോഫിനു പിന്നാലെ ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചുകളിച്ച് ഛേത്രിയും സോണി നോര്‍ദെയും കളി കൈയിലെടുത്തതോടെ ഗോവ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.