ന്യൂഡല്‍ഹി: സചിന്‍ ടെണ്ടുല്‍ക്കറിനും മഹേന്ദ്ര സിങ് ധോണിക്കുമെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്ന സന്ദീപ് പാട്ടീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ധാര്‍മികതക്കു നിരക്കാത്തതാണെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍. പാട്ടീലിന്‍െറ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായാണ് ഠാകുര്‍ പ്രതികരിച്ചത്. കളിക്കാരെ കുറിച്ച് പല രഹസ്യങ്ങളും ഇത്തരം സ്ഥാനത്തിരുന്നവര്‍ക്ക് അറിയാന്‍ കഴിയും. കാലാവധി കഴിഞ്ഞ ഉടനെ അതൊക്കെ പരസ്യപ്പെടുത്തുന്നത് അധാര്‍മികമാണെന്നും ഠാകുര്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചില്ലായിരുന്നുവെങ്കില്‍ സചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താക്കാനും 2015ലെ ലോകകപ്പിനു മുമ്പായി ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നുവെന്നാണ് പാട്ടീല്‍ വെളിപ്പെടുത്തിയത്. ഈ മാസം ആദ്യം തന്‍െറ കാലാവധി അവസാനിച്ച ഉടനെയാണ് പാട്ടീല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്.
അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റു നാല് സെലക്ടര്‍മാര്‍ കൂടി ഉണ്ടായിരുന്നു. അവരാരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. കാലാവധി കഴിഞ്ഞാല്‍ പുറത്തുപോയി രഹസ്യങ്ങള്‍ നാടുനീളെ വിളിച്ചുപറയുന്ന പാട്ടീലിനെ ജോലിക്കെടുക്കാന്‍ ഇനി ഏതൊരു സ്ഥാപനവും പത്തു വട്ടം ആലോചിക്കുമെന്നും ഠാകുര്‍ തുറന്നടിച്ചു. പാട്ടീലിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന നല്‍കിയ ഠാകുര്‍ ബി.സി.സി.ഐയിലെ ഉചിതരായ ആളുകള്‍ പാട്ടീലിനോട് ഈ വിഷയത്തില്‍ സംസാരിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.