കൊച്ചി: ആജീവനാന്ത വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നടപടിക്കെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈകോടതിയിൽ. ഒത്തുകളി വിവാദത്തിെൻറ പേരിലുണ്ടായിരുന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാത്തത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബൈയിൽനിന്ന് 2013 മേയ് 16ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബി.സി.സി.ഐ തന്നെ ടീമിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ഹരജിയിൽ പറയുന്നു.
ബി.സി.സി.ഐ പ്രസിഡൻറിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തെ തുടർന്ന് തെൻറ വിശദീകരണം കേൾക്കാതെ 2013 ജൂണിൽ പ്രാഥമിക റിപ്പോർട്ട് നൽകി. പിന്നീട് വിശദീകരണം എഴുതി വാങ്ങിയെങ്കിലും ഇത് പരിഗണിക്കാതെ ജൂലൈയിൽ സപ്ലിമെൻററി റിപ്പോർട്ടും നൽകി. തുടർന്ന് ബോർഡ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. പിന്നീട് ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ ചോദ്യം ചെയ്യലിനും ശേഷമാണ് ആജീവനാന്ത വിലക്കുണ്ടായത്.
അന്തർദേശീയ മത്സരങ്ങളിൽനിന്നും ബി.സി.സി.ഐ അഫിലിയേഷനുള്ള ക്ലബുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ കളിക്കുന്നതിൽ നിന്നുമാണ് വിലക്ക്.
ഇതിനിടെ 2015 ജൂലൈ 25ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ഉൾപ്പെടെ ചുമത്തി എടുത്ത കേസിൽ പട്യാല അഡീ. സെഷൻസ് കോടതി താനടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. ഇക്കാര്യം വ്യക്തമാക്കി ആജീവനാന്ത വിലക്ക് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.
കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് പിൻവലിക്കാത്തത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനവും നിയമ വിരുദ്ധവുമാണ്. ഈ സാഹചര്യത്തിൽ ആജീവനാന്ത വിലക്ക് പിൻവലിക്കണമെന്നും അതിലേക്ക് നയിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്കോട്ട്ലെൻഡിൽ ഏപ്രിലിൽ ആരംഭിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗ്ലെൻ റോഥ് ക്ലബിന് വേണ്ടി കളിക്കാൻ ക്ഷണമുണ്ട്. ഇതിനായി എൻ.ഒ.സി അനുവദിക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.