ദുബൈ: ശശാങ്ക് മനോഹർ ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) ചെയർമാൻ സ്ഥാനം രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷത്തോളം ബാക്കിയിരിക്കെയാണ് അപ്രതീക്ഷിത രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിവരമെങ്കിലും െഎ.സി.സി സി.ഇ.ഒ ഡേവിഡ് റിചാർഡ്സിന് അയച്ച രാജിക്കത്തിൽ പക്ഷേ, കൃത്യമായ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷം െഎ.സി.സിയിൽ ഭരണഘടനപരവും സാമ്പത്തികവുമായുള്ള പരിഷ്കാരങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിരുന്നു. എന്നാൽ ഇതിന് തുരങ്കം വെക്കുന്ന നടപടിയാണ് ബി.സി.സി.െഎയുടെ ഭാഗത്തുനിന്നുണ്ടായത്. െഎ.സി.സി നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്ക് ബോർഡ് മീറ്റിങ്ങിൽ അംഗീകാരം ലഭിക്കാൻ ബി.സി.സി.െഎയുടെ കൂടി പിന്തുണ ആവശ്യമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ മാത്രമേ പരിഷ്കാരങ്ങൾക്ക് അംഗീകാരം ലഭിക്കൂ.
എന്നാൽ, സാമ്പത്തിക പരിഷ്കാരങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കണ്ട ബി.സി.സി.െഎ അംഗങ്ങൾ ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ബോർഡ് മീറ്റിങ്ങിൽ മേൽക്കൈ നേടുമെന്നുറപ്പായതോടെ പരാജയം തിരിച്ചറിഞ്ഞ അദ്ദേഹം രാജിവെക്കുകയായിരുന്നുവെന്നാണ് വിവരം. െഎ.സി.സിയുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാനാണ് ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ. എതിർപ്പുകളില്ലാതെയാണ് 59കാരനായ മനോഹർ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.