കേരളത്തിന് കൂറ്റന്‍ സ്കോര്‍: ഹൈദരാബാദ് പൊരുതുന്നു

ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്കോര്‍. ഒമ്പതിന് 517 എന്നനിലയില്‍ കേരളം ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. അതിഥി താരം ഇഖ്ബാല്‍ അബ്ദുല്ലയുടെ സെഞ്ച്വറി പ്രകടനവും (159*), സചിന്‍ ബേബി (80), ജലജ് സക്സേന (79) എന്നിവരുടെ അര്‍ധസെഞ്ച്വറികളുമാണ് കേരളത്തെ ശക്തമായ നിലയിലത്തെിച്ചത്. 

മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 231 എന്നനിലയിലാണ്. 286 റണ്‍സ് പിന്നിലുള്ള ഹൈദരാബാദിനെതിരെ ജയിക്കാനുള്ള അവസരമാണ് കേരളത്തിനു മുന്നില്‍. സയ്യിദ് മെഹ്ദി ഹസനും (26) സി.വി. മിലിന്ദുമാണ് (നാല്) ക്രീസിലുള്ളത്. ബി.പി. സന്ദീപും (53) എ.എ. ഭണ്ഡാരിയുമാണ് ഹൈദരാബാദിനുവേണ്ടി അല്‍പമെങ്കിലും മികവ് പ്രകടിപ്പിച്ചത്. 

കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍, ജലജ് സക്സേന, മോനിഷ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇഖ്ബാല്‍ അബ്ദുല്ല ഒരു വിക്കറ്റ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ ആറു സിക്സറുകളുടെയും 14 ബൗണ്ടറികളുടെയും അകമ്പടിയോടെ മുന്‍ മുംബൈ രഞ്ജി താരം കൂടിയായ ഇഖ്ബാല്‍ അബ്ദുല്ല പുറത്താകാതെ നേടിയ സെഞ്ച്വറിയുടെയും സക്സേനയുടെയും സചിന്‍ ബേബിയുടെയും അര്‍ധസെഞ്ച്വറിയുടെയും ബലത്തിലാണ് കേരളം 500 കടന്നത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സചിന്‍-സക്സേന സഖ്യം നേടിയ 141 റണ്‍സാണ് കേരളത്തിന്‍െറ സ്കോര്‍ ബോര്‍ഡ് കരുത്തില്‍ ഉറപ്പിച്ചത്. എട്ടാം വിക്കറ്റില്‍ അബ്ദുല്ലയും മോനിഷും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലൂടെ നേടിയ 141 റണ്‍സാണ് 500 കടത്തി കേരളത്തെ സുരക്ഷിത തീരത്തത്തെിച്ചത്. രഞ്ജിയില്‍ കേരളത്തിന്‍െറ മൂന്നാമത്തെ മത്സരമാണിത്. 

Tags:    
News Summary - ranji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.