ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ ഇന്ത്യ ടൂർണമെൻറിൽ മേൽെക്കെ നേടിയെങ്കിലും ടീം തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നു. ഒാപണർമാരായ ശിഖർ ധവാനും അഭിനവ് മുകുന്ദും ഫോമിലേക്കെത്തിയതോടെ ലോകേഷ് രാഹുലിനെ എവിടെ ഉൾപ്പെടുത്തുമെന്ന കൺഫ്യൂഷനിലാണ് പരിശീലകൻ രവി ശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും.
പനിയെ തുടർന്നാണ് രാഹുൽ കഴിഞ്ഞ മത്സരത്തിനിറങ്ങാതിരുന്നത്. പനിയിൽനിന്ന് മുക്തനായ രാഹുൽ അടുത്ത മത്സരത്തിൽ കളിക്കാൻ തയാറായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ എല്ലാ ബാറ്റ്സ്മാന്മാരും മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ചേതേശ്വർ പുജാരയും കോഹ്ലിയും സെഞ്ച്വറി നേടിയപ്പോൾ ഒാൾ റൗണ്ടറുടെ റോളിലെത്തിയ ഹാർദിക് പാണ്ഡ്യ അർധ സെഞ്ച്വറി സ്വന്തമാക്കി. നിലവിൽ നാല് ഒാപണർമാരാണ് ഇന്ത്യൻ നിരയിലുള്ളത് (ധവാൻ, പുജാര, രാഹുൽ, മുകുന്ദ്).
അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത് തലവേദനയാണെന്നും ഉചിതമായ തീരുമാനമുണ്ടാകുമെന്നും കോഹ്ലി വ്യക്തമാക്കി. രണ്ട് ഒാപണർമാർക്ക് മാത്രമാണ് ടീമിൽ ഇടംലഭിക്കുക. കൂടിവന്നാൽ ഒാപണർമാരിൽ ഒരാളെക്കൂടി ടീമിലുൾപ്പെടുത്താനാകും. ഒഴിവാക്കപ്പെടുന്ന താരത്തിന് കാര്യം മനസ്സിലാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശ്രീലങ്കയുടെ അവസ്ഥ നേരെ തിരിച്ചാണ്.
രണ്ടുപേർക്ക് പരിക്കേറ്റതിനാൽ ആദ്യ ടെസ്റ്റ് ഒമ്പതുപേരെ വെച്ചാണ് പൂർത്തിയാക്കിയത്. പരിക്കേറ്റ ഒാൾറൗണ്ടർ അസേല ഗുണരത്നെ ഇൗ പരമ്പരയിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങാതിരുന്ന നായകൻ രംഗണ ഹെറാത്ത് അടുത്ത കളിയിൽ തിരിച്ചെത്തുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.