പടനയിച്ച് കോഹ്ലി; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ഹൈദരാബാദ്: ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് പടനയിച്ചപ്പോൾ വെസ്റ്റിൻഡീസിന്‍റെ റൺമല ഇന്ത്യക്ക് മുന്നിൽ തകർന്നു. 208 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്ന നീലപ്പട 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ആറ് വിക്കറ്റിന്‍റെ ജയം. പുറത്താകാതെ നിന്ന കോഹ്ലി 50 പന്തിൽ 94 റൺസെടുത്ത് ടോപ് സ്കോററായി. 62 റൺസെടുത്ത് പുറത്തായ കെ.എൽ. രാഹുൽ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. നേരത്തെ, ബാറ്റ്സ്മാന്മാർ തകർത്തടിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് വിൻഡീസ് നേടിയത്.

എട്ട് റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിരുന്നു. പിന്നീടാണ് കോഹ്ലിയും രാഹുലും ഒത്തുചേരുന്നത്.

നേരത്തെ, വെസ്റ്റിൻഡീസ് നിരയിൽ ഷിമ്രോൺ ഹെറ്റ്മെയർ അർധ സെഞ്ച്വറി (56) നേടി. കീറോൺ പൊള്ളാർഡ് (37), ലെൻഡ്ൽ സിമ്മൺസ് (രണ്ട്), എവിൻ ലൂയിസ് (40), ബ്രണ്ടൻ കിങ് (31) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. 10 ഓവറിൽ 100 റൺസ് പിന്നിട്ട വിൻഡീസ് 16ാം ഓവറിൽ 150ഉം പിന്നിട്ടിരുന്നു.

യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹർ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ഫീൽഡർമാർ നിരവധി ക്യാച്ചുകൾ പാഴാക്കിയത് തിരിച്ചടിയായി.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും അവസാന 11ൽ ഉൾപ്പെടുത്തി‍യില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ.

മൂന്ന് ട്വന്‍റി20 മത്സരങ്ങളിൽ ആദ്യത്തേതാണ് ഇന്ന്.

Tags:    
News Summary - india vs west indies 1st t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT