പോഷെഫ്റ്റ്റൂം (ദക്ഷിണാഫ്രിക്ക): പാകിസ്താനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ യൗവനങ്ങൾ അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റിൻറെ ഫൈനലിലേക്ക് അനായാസം മാർച്ച് ചെയ്തു. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമാക്കി കുതിക ്കുന്ന ഇന്ത്യക്കു മുന്നിൽ വെല്ലുവിളി ഉയർത്താനാവാതെയായിരുന്നു പാക് കീഴടങ്ങൽ. തുടർച്ചയായ മൂന്നാം ഫൈനലിലേക്ക ാണ് ഈ വിജയത്തോടെ ഇന്ത്യ മാർച്ച് ചെയ്തത്. ബംഗ്ലാദേശ് - ന്യൂസിലാൻഡ് രണ്ടാം സെമിയിലെ ജേതാക്കളുമായി കലാശപ് പോരിൽ ഇന്ത്യ ഏറ്റുമുട്ടും.
പാകിസ്ഥാൻ ഉയർത്തിയ 173 റൺസിൻറെ ലക്ഷ്യം യശസ്വി ജയ്സ്വാളിൻറെ അത്യുജ്ജ്വല സെഞ്ച്വറിയുടെയും ദിവ്യാൻശ് സക്സേനയുടെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ആമിർ അലിയുടെ പന്ത് ജയ്സ്വാൾ ലോങ് ഓണിലൂടെ സിക്സറിന് പറത്തി വിജയവും സെഞ്ച്വറിയും ഒന്നിച്ചു വരുതിയിലാക്കുകയായിരുന്നു. അപരാജിതമായ ബാറ്റിങ്ങ് മികവിൽ ഇന്ത്യ കീഴടക്കുമ്പോൾ പിന്നെയും എറിയാൻ 88 പന്ത് ബാക്കിയുണ്ടായിരുന്നു. 113 പന്തിൽ നാല് സിക്സറും എട്ട് ബൗണ്ടറിയുമടക്കമാണ് ജയ്സ്വാൾ 105 റൺസെടുത്തത്. 99 പന്തിൽ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു സക്സേനയുടെ 59 റൺസ്. പാക് ബൗളിങ്ങിന് ഒരവസരവും നൽകാതെയായിരുന്നു ഇരുവരുടെയും അപരാജിതമായ 176 റൺസിൻറെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്.
വരിഞ്ഞുകെട്ടി ഇന്ത്യൻ ബൗളർമാർ
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താൻ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ അടിപതറി 43.1 ഓവറിൽ 172 റൺസിന് പുറത്താവുകയായിരുന്നു. തുടക്കം മുതലേ പാക് ബാറ്റ്സ്മാൻമാരെ വരിഞ്ഞുകെട്ടിയായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. സ്കോർ ബോർഡിൽ ഒമ്പതു റൺസ് പിറന്നപ്പോൾ തന്നെ ഓപ്പണർ മുഹമ്മദ് ഹുറൈറ നാല് റൺസുമായി മടങ്ങി. സുശാന്ത് മിശ്രയുടെ പന്തിൽ ദിവ്യാൻശ് സക്സേന പിടിച്ചാണ് ഹുറൈറ പുറത്തായത്. 16 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ ഫഹദ് മുനീർ രവി ബിഷ്ണോയിക്ക് കീഴടങ്ങി. മറുവശത്ത് ഉറച്ചു നിന്നുകളിച്ച ഓപ്പണർ ഹൈദർ അലിക്ക് കൂട്ടായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി റുഹൈൽ നസീർ വന്നതോടെയാണ് പാക് ബാറ്റിങ്ങിന് പിടിച്ചുനിൽക്കാനായത്.
77 പന്തിൽ 56 റൺസുമായി ഹൈദർ അലി കരയ്ക്കു കയറിയതോടെ പാക് ബാറ്റിങ്ങ് വീണ്ടും പടുകൂഴിയിലായി. ക്വാസി അക്രം ഒമ്പത് റൺസിന് റണ്ണൗട്ടുമായി. പക്ഷേ, അഞ്ചാം വിക്കറ്റിൽ മുഹമ്മദ് ഹാരിസ് ക്യാപ്റ്റന് കൂട്ടായി വന്നതോടെ പാക് ഇന്നിങ്സ് പിടഞ്ഞെഴുന്നേൽക്കുമെന്ന് തോന്നിച്ചു. 15 പന്തിൽ ഒന്നു വീതം സിക്സറും ബൗണ്ടറിയും പായിച്ച് മുഹമ്മദ് ഹാരിസ് കത്തിക്കാളുന്നതിനിടെയാണ് അഥർവ അങ്കോൽക്കറെ അനാവശ്യമായി ഉയർത്തിയടിച്ച ഹാരിസിനെ ഗംഭീരമായ ക്യാച്ചിലൂടെ സക്സേന പിടികൂടിയത്. പന്ത് നിലത്തു മുട്ടിയോ എന്ന് സംശയം തോന്നിപ്പിച്ച ക്യാച്ച് ടി.വി റീപ്ലേയിലുടെയാണ് സ്ഥിരീകരിച്ചത്. മൂന്ന് റൺസെടുത്ത ഇർഫാൻ ഖാൻറെ കുറ്റി കാർത്തിക് ത്യാഗി തെറുപ്പിച്ചു. അബ്ബാസ് അഫ്രീദിയെ (2) രവി ബിഷ്ണോയി വിക്കറ്റിനു മുന്നിൽ കുടുക്കി.
വിക്കറ്റ് മുറതെറ്റാതെ വീണുകൊണ്ടിരിക്കുമ്പോഴും അർധ സെഞ്ച്വറിയുമായി ഒരറ്റത്ത് പിടിച്ചുനിന്ന ക്യാപ്റ്റൻ റുഹൈൽ നസീർ 102 പന്തിൽ 62 റൺസുമായി എട്ടാമനായി പുറത്തായതോടെ പാക് ചെറുത്തുനിൽപ്പ് തീർത്തും ദുർബലമായി. നസീർ ഉയർത്തിയടിച്ച സുശാന്ത് മിശ്രയുടെ പന്ത് തിലക് വർമയുടെ കൈയിൽ ഭദ്രമായി. ശേഷിച്ച രണ്ട് വിക്കറ്റുകൾ വെറും മൂന്ന് റൺസിനിടയിൽ ഇന്ത്യ എറിഞ്ഞിട്ടു.
സുശാന്ത് മിശ്ര മൂന്നും കാർത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നിവർ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.