മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് തുടർച്ചയായ രണ്ടാം തവണയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആ പുരസ്കാരം സഹതാരം ജസ്പ്രീത് ബുംറയ്ക്ക് സമർപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബുംറയുടെ മാന്ത്രിക സ്പെല്ലില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജു പുരസ്കാരം പങ്കുവെച്ചത്. ഇംഗ്ലണ്ടിനെ 7 റൺസിന് തകർത്ത് തുടർച്ചയായ രണ്ടാം ഫൈനലിൽ പ്രവേശിച്ച ഇന്ത്യ, ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ നേരിടും.
ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി നേടിയ ജേക്കബ് ബെതലും സാം കറനും ചേർന്ന് അപകടകരമായ രീതിയിൽ ബാറ്റ് വീശുമ്പോഴാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിർണായകമായ 18 ആം ഓവർ എറിയാൻ ബുംറയെ നിയോഗിച്ചത്. ഈ ഓവറിൽ ആറും റൺസ് മാത്രം വിട്ടുനൽകിയ ബുംറയാണ് കൂറ്റനടികൾക്കിടയിലും ഇന്ത്യയ്ക്ക് ശ്വാസം നൽകിയത്. "ടീമിന്റെ ഇന്നത്തെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കാണ്. ലോകോത്തര ബൗളറായ അദ്ദേഹം, തലമുറയിലൊരിക്കൽ മാത്രം ജനിക്കുന്ന താരമാണ്. ഈ പുരസ്കാരം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. ഡെത്ത് ഓവറുകളിൽ നമ്മൾ അത്ര മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുമായിരുന്നില്ല," മത്സരശേഷമുള്ള പുരസ്കാരദാന ചടങ്ങിൽ സഞ്ജു പറഞ്ഞു.
വിൻഡീസിനെതിരായ മത്സരത്തിലെ ഫോം വാങ്കഡെയിലും തുടർന്ന സഞ്ജു 89 റൺസാണ് അടിച്ചുകൂട്ടിയത്. 15 റൺസിൽ നിൽക്കെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ക്യാച്ച് കൈവിട്ടതിന് പിന്നാലെ സഞ്ജു സംഹാരരൂപം പൂണ്ടു. തന്നെ സ്ഥിരമായി ബുദ്ധിമുട്ടിക്കാറുള്ള ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ തന്നെ സിക്സും ഫോറും പറത്തിയാണ് സഞ്ജു വരവറിയിച്ചത്. ഏഴ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്സ്. "കഴിഞ്ഞ മത്സരത്തിന് ശേഷം മികച്ച ഫോമിലാണെന്ന തോന്നലുണ്ടായിരുന്നു. അത് തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടി നിർണായക മത്സരങ്ങളിൽ ഫോം കണ്ടെത്തുക എളുപ്പമല്ല. അൽപം സമയമെടുത്ത് ഇന്നിങ്സ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിച്ചത്. തുടക്കത്തിൽ അൽപം ഭാഗ്യം തുണച്ചെങ്കിലും പിന്നീട് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനായി," സഞ്ജു കൂട്ടിച്ചേർത്തു. വാങ്കഡെയിൽ ഏത് സ്കോറും പിന്തുടർന്ന് ജയിക്കാനാകുമെന്ന് അറിയാമായിരുന്നെന്നും അതിനാൽ പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം വ്യക്തമാക്കി. "അഭിഷേക് പുറത്തായതിന് ശേഷം ഞാനും ഇഷാനും ക്രീസിലുള്ളപ്പോൾ തന്നെ 250 എന്ന സ്കോർ സാധ്യമാകുമെന്ന് ഡ്രസിങ് റൂമിൽ സംസാരിച്ചിരുന്നു," സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.