അഭിഷേക് ശർമയെ ഒഴിവാക്കൂ...; ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ: ട്വന്‍റി20 ലോകകപ്പ് നിലനിർത്താൻ ലക്ഷ്യമിട്ട് ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ കലാശപ്പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ, ഓപ്പണർ അഭിഷേക് ശർമയെ കളിപ്പിക്കരുതെന്ന നിർദേശവുമായി മുൻ താരം മുഹമ്മദ് കൈഫ്.

ലോക ഒന്നാം നമ്പർ ട്വന്‍റി20 ബാറ്ററായ അഭിഷേകിന്‍റെ ടൂർണമെന്‍റിലെ പ്രകടനം പ്രതീക്ഷ നൽകുന്നതല്ല. പകരം റിങ്കു സിങ്ങിനെ കളിപ്പിക്കണമെന്നാണ് കൈഫിന്‍റെ ആവശ്യം. താരത്തിന്‍റെ മോശം ബാറ്റിങ് ഫോം ചൂണ്ടിക്കാട്ടിയാണ് കൈഫ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നത്. ടൂർണമെന്‍റിൽ ഏഴു മത്സരങ്ങളിൽനിന്ന് താരം ഇതുവരെ നേടിയത് 89 റൺസ് മാത്രമാണ്. സൂപ്പർ എട്ട് റൗണ്ടിൽ സിംബാബ്വെക്കെതിരായ മത്സരത്തിലെ അർധ സെഞ്ച്വറി ഉൾപ്പെടെയാണിത്. ആദ്യത്തെ മൂന്നു മത്സരങ്ങളിലും പൂജ്യത്തിനാണ് താരം പുറത്തായത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഏഴു പന്തിൽ ഒമ്പതു റൺസാണ് താരത്തിന്‍റെ സമ്പാദ്യം.

ബാറ്റിങ്ങിലെ താരത്തിന്‍റെ മോശം പ്രകടനം ഫീൽഡിങ്ങിനെയും ബാധിച്ചിട്ടുണ്ട്, ടൂർണമെന്‍റിൽ ഏതാനും ക്യാച്ചുകൾ താരം വിട്ടുകളഞ്ഞിരുന്നു.

"ഇന്ത്യക്ക് അഭിഷേക് ശർമക്ക് വിശ്രമം അനുവദിക്കാം. ടൂർണമെന്‍റിൽ ഇതിനകം നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റൊന്നുമില്ല. കുട്ടി ക്രിക്കറ്റിൽ മാറ്റങ്ങൾ കൊണ്ടുവരാം. ബ്രൻഡൻ കിങ് ഫോമിലല്ലാതിരുന്നതിനാൽ റോസ്റ്റൺ ചേസാണ് ഇന്ത്യക്കെതിരെ ഓപ്പൺ ചെയ്തത്. അവർ അഞ്ചോ ആറോ മത്സരങ്ങളിൽ അദ്ദേഹത്തെ കളിപ്പിച്ചു, പക്ഷേ നിർണായക മത്സരത്തിൽ അദ്ദേഹത്തിന് വിശ്രമം നൽകി. സഞ്ജുവിനെ കൊണ്ടുവന്നതുപോലെ, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, ആ മാറ്റം ടീമിന് ഗുണകരമായി. അതേ രീതിയിൽ ഇവിടെയും മാറ്റങ്ങൾ കൊണ്ടുവരാം" കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

കഴിവ് തെളിയിച്ച താരങ്ങൾ ടീമിലുണ്ട്. ടെസ്റ്റ്, രഞ്ജി ട്രോഫി, ഐ.പി.എൽ -എവിടെ കളിച്ചാലും റിങ്കു സിങ് റൺ കണ്ടെത്തുന്നുണ്ട്. കുൽദീപ് യാദവും മുഹമ്മദ് സിറാജും എവിടെ കളിച്ചാലും വിക്കറ്റ് നേടുന്നു. അഭിഷേക് ശർമക്കു പകരക്കാരനെ തേടുമ്പോൾ, ഡൗഗ് ഔട്ടിൽ റിങ്കു സിങ് ഇരിക്കുന്നത് കാണാം. അദ്ദേഹത്തെ കളിപ്പിക്കുയാണ് വേണ്ടത്. ഒരാൾ ഫോം കണ്ടെത്താൻ പ്രയാസപ്പെടുമ്പോൾ, മറ്റൊരാൾ ഫോം തെളിയിച്ചിട്ടും പുറത്ത് ഇരിക്കുകയാണെന്നും കൈഫ് കൂട്ടിച്ചേർത്തു. ടൂർണമെന്‍റിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മറ്റൊരു താരായ വരുൺ ചക്രവർത്തിയെയും പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹമുണ്ട്. എന്നാൽ കൈഫിന് വ്യത്യസ്ത അഭിപ്രായമാണ്.

"വരുണിനെ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്. അവർ താരത്തിന് പുതിയ നിർദേശങ്ങൾ നൽകും, അടുത്ത മത്സരത്തിൽ വരുൺ ലൈൻ മാറ്റി പിടിക്കും -കൈഫ് കൂട്ടിച്ചേർത്തു. അഭിഷേകിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. അഭിഷേക് ഐ.സി.സി ടൂർണമെന്‍റുകളിൽ പുതുമുഖമാണ്, എന്നാൽ സഞ്ജു സാംസൺ ട്വന്‍റി20 ക്രിക്കറ്റിൽ വലിയ അനുഭവസമ്പത്തുള്ള, പരിചയസമ്പന്നനായ കളിക്കാരനാണ്. അതിനാൽ ഇരുവരെയും താരതമ്യം ചെയ്യുന്നത് ശരിയല്ല. മറ്റു ടൂർണമെന്‍റുകളിൽ അഭിഷേകിന് മികച്ച റെക്കോഡുണ്ട്. എന്നാൽ, ഒരു ഐ.സി.സി ടൂർണമെന്‍റ് അല്ലെങ്കിൽ ലോകകപ്പ് കളിക്കുന്നതും മറ്റ് മത്സരങ്ങൾ കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും കൈഫ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Drop Abhishek Sharma! Mohammad Kaif's Bold Suggestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.