കൊൽക്കത്ത ടെസ്​റ്റ്​: ആഞ്ഞടിച്ച് ഭുവി; ചിറകൊടിഞ്ഞ് കിവികള്‍

കൊല്‍ക്കത്ത: ഈഡന്‍ പൂന്തോട്ടത്തില്‍ മഴക്കുപിന്നാലെ ഭുവി കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ കിവി വിക്കറ്റുകള്‍ തുരുതുരെ കൊഴിഞ്ഞുവീണു. സ്പിന്നിന്‍െറ വാരിക്കുഴികളൊരുക്കി കറക്കിവീഴ്ത്തുന്നവര്‍ എന്ന ചീത്തപ്പേരിനിടെ ഇന്ത്യയില്‍ സ്വിങ് വസന്തം അന്യംനിന്നുപോയിട്ടില്ളെന്ന് തെളിയിച്ച പ്രകടനത്തിലൂടെ ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റുമായി ന്യൂസിലന്‍ഡ് ബാറ്റിങ്ങിന്‍െറ അടിത്തറയിളക്കുകയായിരുന്നു. പത്ത് ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ ആറു കിവി താരങ്ങളെ മടക്കിയത്. ഇതോടെ ആദ്യ ഇന്നിങ്സില്‍ 316 റണ്‍സെടുത്ത ഇന്ത്യക്ക് മറുപടി നല്‍കാന്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ്. ഇന്ത്യന്‍ സ്കോറിനൊപ്പമത്തൊന്‍ മൂന്നു വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന് 188 റണ്‍സ് കൂടി വേണം.

36 റണ്‍സെടുത്ത സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ റോസ് ടെയ്ലറും 35 റണ്‍സ് നേടിയ ലൂക് റോഞ്ചിയും മാത്രമാണ് കിവി നിരയില്‍ പിടിച്ചുനിന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (13), ടോം ലതാം (ഒന്ന്), ഹെന്‍റി നിക്കോള്‍സ് (ഒന്ന്), മിച്ചല്‍ സാന്‍റ്നര്‍ (11), മാറ്റ് ഹെന്‍റി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ബി.ജെ. വാറ്റ്ലിങ്ങും (12) ജീതന്‍ പട്ടേലും (അഞ്ച്) ആണ് ക്രീസിലുള്ളത്. മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മഴമൂലം രണ്ടര മണിക്കൂറോളം കളി നഷ്ടമായ രണ്ടാം ദിനം 34 ഓവറാണ് ന്യൂസിലന്‍ഡ് ബാറ്റുചെയ്തത്. ആദ്യ ടെസ്റ്റില്‍ കളിച്ച ഉമേഷ് യാദവിനു പകരം കൊല്‍ക്കത്തയില്‍ ടീമിലിടംലഭിച്ച ഭുവനേശ്വര്‍ അതിനെ ന്യായീകരിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. തുടക്കം മുതല്‍ മികച്ച ലൈനും ലെങ്തും നിലനിര്‍ത്തി പന്തെറിഞ്ഞ ഭുവിയുടെ പന്തുകള്‍ സ്വിങ് കൂടി കണ്ടത്തെിയതോടെ കിവി ബാറ്റ്സ്മാന്മാര്‍ വിയര്‍ത്തു.

ആദ്യ ഓവറില്‍ ഭുവനേശ്വര്‍ എട്ടു റണ്‍സ് വഴങ്ങിയശേഷം തന്‍െറ ആദ്യ ഓവറില്‍ തന്നെ ലതാമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ആദ്യ വെടിപൊട്ടിച്ചത് ഷമിയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വറിന്‍െറ ഇന്‍സ്വിങ്ങര്‍ ഗുപ്റ്റിലിന്‍െറ കൈമുട്ടില്‍ തട്ടി വിക്കറ്റിലേക്ക് ഗതിമാറിയതിനു പിന്നാലെ നിക്കോള്‍സിന്‍െറ പ്രതിരോധവും തകര്‍ന്നതോടെ ന്യൂസിലന്‍ഡ് മൂന്നിന് 23 എന്ന നിലയില്‍ പതറി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടെയ്ലറും റോഞ്ചിയും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും സ്കോര്‍ 85ല്‍ നില്‍ക്കെ റോഞ്ചിയെ വിക്കറ്റിനുമുന്നില്‍ കുടുക്കി ജദേജ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് വീണ്ടും ഭുവിയുടെ അഴിഞ്ഞാട്ടമായിരുന്നു. മനോഹരമായ പന്തുകളിലുടെ ടെയ്ലര്‍, സാന്‍റ്നര്‍, ഹെന്‍റി എന്നിവരുടെ പ്രതിരോധം തകര്‍ത്ത ഭുവി ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കി.

നേരത്തേ, ഏഴിന് 239 എന്നനിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യയെ 300 കടത്തിയത് അര്‍ധശതകവുമായി പുറത്താവാതെനിന്ന വൃദ്ധിമാന്‍ സാഹ (54) ആണ്. ജദേജ (14), ഭുവനേശ്വര്‍ (അഞ്ച്), ഷമി (14) എന്നിവര്‍ പിന്തുണ നല്‍കി. കിവി നിരയില്‍ ഹെന്‍റി മൂന്നു വിക്കറ്റ് പിഴുതപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതവും സാന്‍റ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - India vs New Zealand, 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT