ഇന്ദോർ: രോഹിത് ശർമയുടെ െറക്കോഡ് വേട്ടകൾ അവസാനിച്ചിട്ടില്ല. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ച്വറിയുമായി ചരിത്രം കുറിച്ചതിനു പിന്നാലെ ട്വൻറി20യിൽ 35 പന്തിൽ ശതകവുമായി അതിവേഗ സെഞ്ച്വറിക്കാരനെന്ന റെക്കോഡും പങ്കിട്ടപ്പോൾ ഇരയായത് ശ്രീലങ്കതന്നെ. രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 88 റൺസിന് തോൽപിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. 261 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ, ഉപുൽ തരങ്കയും(47) കുശാൽ പെരേരയും(77) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഏറ്റുപിടിക്കാൻ ആളില്ലാതായതോടെ ലങ്ക 172 റൺസിന് പുറത്തായി. യുസ്വേന്ദ്ര ചഹൽ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിനയക്കുകയായിരുന്നു. നിശ്ചിത ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ട്വൻറി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. രോഹിത് ശർമ്മയുടേയും (118) 49 പന്തിൽ 89 റൺസെടുത്ത ലോകേശ് രാഹുലിൻെറയും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കക്ക് മുന്നിൽ റൺമല ഉയർത്തിയത്.
ഒാപണിങ്ങിൽ ഇരുവരും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 165 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇത് ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ട്വന്റി 20 മത്സരങ്ങളിലെ നാലാം സ്ഥാനത്തെതുമാണ്. ടൻറി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പം രോഹിതെത്തി. മൂന്നാം ഇരട്ട ശതകം നേടി റെക്കോർഡിട്ടതിന് പിന്നാലെയാണ് രോഹിതിൻെറ പുതിയ നേട്ടം.
രോഹിത് ശർമ്മയുടെ വെടിക്കെട്ട് അവസാനിപ്പിക്കാൻ ഏഴ് ബൗളർമാരെയാണ് ശ്രീലങ്ക പന്തേൽപിച്ചത്. പന്തെറിയാനെത്തിയ എല്ലാ ലങ്കൻ ബൗളർമാരും രോഹിതിൽ നിന്ന് തല്ല് വാങ്ങിക്കൂട്ടി. ഒരു ഒാവറിൽ അസ്ലെ ഗുണരത്നെ 21 റൺസാണ് വിട്ടുകൊടുത്തത്. സെഞ്ച്വറി നേടിയതിന് പിന്നാലെ ചമീര രോഹിതിനെ മടക്കി. 12 ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിൻെറ ഇന്നിങ്സ്. 35 പന്തുകളിൽ നാല് ബൗണ്ടറിയും മൂന്നു സിക്സറുമടക്കമായിരുന്നു രാഹുലിൻെറ മൂന്നാം അർധസെഞ്ച്വറി.
പിന്നാലെയെത്തിയ എം.എസ് ധോണി (27) കെ.എൽ രാഹുലിന് റൺസെടുക്കാൻ പാകത്തിൽ ബാറ്റ് ചെയ്തു. രോഹിത് സെഞ്ച്വറി നേടുമ്പോൾ രാഹുൽ അർധസെഞ്ച്വറി പോലും നേടിയിരുന്നില്ല. ധോണി വന്നതിന് പിന്നാലെയാണ് രാഹുൽ സെഞ്ച്വറിക്ക് അരികെ എത്തിയത്. രാഹുൽ പുറത്തായതിന് പിന്നാലെ ഹർദിക് പാഢ്യ(10)യും കൂറ്റനടികളുമായി സ്കോർ ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.