ഇന്ത്യക്ക്​ ജയം, പരമ്പര

ധർമശാല: ഹിമാലയ മുകളിൽ ഇന്ത്യയെ കാത്തിരുന്ന ഏഴാമത്തെ അദ്ഭുതം തടയാൻ ഒാസീസിന് കരുത്തുണ്ടായിരുന്നില്ല. അന്തിമ പോരാട്ടത്തിൽ അട്ടിമറിക്കോ മറ്റോ ഇടമില്ലായിരുന്നു. ചടങ്ങു തീർക്കാനുള്ള ഒന്നര മണിക്കൂർ സമയം മാത്രം. ഒന്നര ദിവസത്തിലേറെ ബാക്കിനിൽക്കെ ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി (2-1). തുടർച്ചയായി ഏഴ് പരമ്പര ജയമെന്ന അദ്ഭുതവുമായി ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ പദവി ഇളക്കമില്ലാതെ നിലനിർത്തി. 2015ൽ ശ്രീലങ്കയെ തോൽപിച്ച് ആരംഭിച്ച കുതിപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് തുടങ്ങിയ വമ്പന്മാരെയെല്ലാം കടപുഴക്കിയെറിഞ്ഞ ഇന്ത്യ ഏറ്റവും ഒടുവിലായി ഒാസീസിെൻറ ഹുങ്കിനും കടിഞ്ഞാണിട്ടു.
 


പുണെയിലെ ആദ്യമത്സരത്തിൽ ദയനീയമായി കീഴടങ്ങിയ ഇന്ത്യ ബംഗളൂരുവിലൂടെ ആദ്യ ജയം നേടി തിരിച്ചുവരവ് അറിയിച്ചിരുന്നു. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയ സാധ്യത ഒാസീസ് സമനിലയിൽ പൂട്ടി. എന്നാൽ, ആദ്യ ദിനം മുതൽ ഒാസീസിനെ കടിഞ്ഞാണിട്ട് പിടിച്ച ധർമശാലയിൽ ഇന്ത്യയുടെ അർഹിച്ച ജയമെത്തി; ഒപ്പം പരമ്പരയും.നാലാം ടെസ്റ്റിൽ നാലു വിക്കറ്റും 63 റൺസുമെടുത്ത രവീന്ദ്ര ജദേജ കേമനായി. പരമ്പരയിൽ ആകെ 25 വിക്കറ്റ് നേടി ജദ്ദു മാൻ ഒാഫ് ദ സീരീസുമായി. മൂന്നാം ദിനം തന്നെ വിജയമുറപ്പിച്ച ഇന്ത്യക്ക് ചൊവ്വാഴ്ച കളി പൂർത്തിയാക്കാൻ 17 ഒാവർ മാത്രമേ വേണ്ടിവന്നുള്ളൂ. ബാറ്റിങ് അതിദുഷ്കരമായി മാറിയ പിച്ചിൽ േലാകേഷ് രാഹുൽ വീണ്ടും അർധസെഞ്ച്വറി നേടിയപ്പോൾ, വെട്ടിക്കെട്ട് സ്കോറിങ്ങുമായി അജിൻക്യ രാഹാനെയും (27 പന്തിൽ 38 റൺസ്) ചേർന്നു. മുരളി വിജയ് (8), ചേതേശ്വർ പുജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

സമാനതകളില്ലാത്ത വിശേഷങ്ങളോടെയാണ് ബോർഡർ^ഗവാസ്കർ ട്രോഫി മത്സരത്തിന് കൊടിയിറങ്ങിയത്. പരമ്പരക്ക് ടോസ് വീഴും മുേമ്പ ആരംഭിച്ച വാക്പോരാട്ടം, ഗ്രൗണ്ടിലെത്തിയപ്പോൾ പോർവിളികളായി മാറി. ക്യാപ്റ്റന്മാരായ വിരാട്കോഹ്ലിയുടെയും സ്റ്റീവ് സ്മിത്തിെൻറയും നേതൃത്വത്തിൽ ഇരു ടീമിലെയും താരങ്ങൾ വാക്കിലൂടെ ഏറ്റുമുട്ടിയേപ്പാൾ അമ്പയർമാർക്കും മാച്ച് ഒഫീഷ്യലിനും അതത് ബോർഡുകൾക്കുംവരെ ഇടപെടേണ്ടിവന്നു. കളിക്കൊടുവിൽ കൈകൊടുത്ത് പിരിഞ്ഞാണ് ഇരു ടീമും ഒരു മാസത്തിലേറെ നീണ്ട പോരാട്ടത്തിന് വിരാമമിട്ടത്.
 


രവീന്ദ്ര ജദേജ സ്പിൻ ഒാൾറൗണ്ടറായും ഉമേഷ് യാദവ് സ്ഥിരതയുള്ള ബൗളറായും മാറിയതാണ് പരമ്പരയിലെ ബാലൻസ് ഷീറ്റ് ഇന്ത്യക്ക് സമ്മാനിക്കുന്നത്. ഒപ്പം ചേതേശ്വർ പുജാരയുടെയും ലോകേഷ് രാഹുലിെൻറയും സ്ഥിരതയാർന്ന ബാറ്റിങ്ങും. ക്യാപ്റ്റൻസിയിൽ കോഹ്ലിക്കൊരു എതിരാളിയായി അജിൻക്യ രഹാനെയുടെ പിറവി. പരമ്പരക്കുമുമ്പ് ടീമിൽ സ്ഥാനമുണ്ടാവുമോയെന്ന് പരിഭവിച്ച രഹാനെ നാലു കളി കഴിയുേമ്പാഴേക്കും ബയോഡാറ്റ മാറ്റിയെഴുതി. പരിക്കേറ്റ കോഹ്ലിക്ക് പകരം ക്യാപ്റ്റനായപ്പോൾ നിർണായക തീരുമാനങ്ങളും ഫീൽഡിങ്^ബൗളിങ് വിന്യാസവുമായി മികച്ച ക്യാപ്റ്റനാണെന്ന് തെളിയിച്ചു. ഇന്ത്യ-ആസ്ട്രേലിയ പരമ്പര ഇനിയൊരിക്കലും മുമ്പത്തെപ്പോലെയാവില്ലെന്ന മുന്നറിയിപ്പായി. ഒറ്റപ്പെട്ട സ്ലെഡ്ജിങ്ങിൽ നിന്നുമാറി മുഴുനീള ഏറ്റുമുട്ടലായി ഇൗ പോരാട്ടം.

Tags:    
News Summary - India clinch series victory in style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT