മോണ്ടി പനേസറും എസ്. ശ്രീറാമും ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിന്‍െറ സ്പിന്‍ ഉപദേശകര്‍

സിഡ്നി: നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങുന്ന ആസ്ട്രേലിയ അരയുംതലയും മുറുക്കി ഒരുങ്ങുന്നു. സ്പിന്‍ ബൗളര്‍മാരുടെ പറുദീസയാവുന്ന ഇന്ത്യന്‍ പിച്ചുകളില്‍ അതേ ആയുധം പ്രയോഗിച്ച് കളി കൈപ്പിടിയിലൊതുക്കാനുള്ള കഠിനാധ്വാനത്തിലാണ് കങ്കാരുപ്പട. ഇതിനായി ഒപ്പംകൂട്ടുന്നത് ഇന്ത്യന്‍ പിച്ചുകളെ നന്നായി പഠിച്ച സ്പിന്‍ ഗുരുക്കന്മാരെ. ഇംഗ്ളണ്ടിന്‍െറ മോണ്ടി പനേസറെയും മുന്‍ ഇന്ത്യന്‍ താരം ശ്രീറാം ശ്രീധരനെയും സ്പിന്‍ ഉപദേഷ്ടാക്കളായി നിയമിച്ചാണ് മാസംമുമ്പേ ഓസീസ് ഒരുക്കം സജീവമാക്കിയത്. 2012-13ലെ ഇന്ത്യ പര്യടനത്തില്‍ ഇംഗ്ളണ്ടിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് പനേസറിന്‍െറ സഹായംതേടാന്‍ ക്രിക്കറ്റ് ആസ്ട്രേലിയയെ പ്രേരിപ്പിച്ചത്. മൂന്നു ടെസ്റ്റടങ്ങിയ പരമ്പരയില്‍ പനേസര്‍ 28 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇംഗ്ളണ്ട് ചരിത്രവിജയം നേടുകയും ചെയ്തു.

ഇന്ത്യക്കായി എട്ട് ഏകദിനങ്ങളില്‍ കളിച്ച ശ്രീറാം, കഴിഞ്ഞ ഏതാനും നാളുകളായി ഓസീസ് ടീമിനൊപ്പമുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയും ശ്രീലങ്കയും സന്ദര്‍ശിച്ച ഓസീസ് ടീമിനൊപ്പം ഇദ്ദേഹമുണ്ടായിരുന്നു.

നഥാന്‍ ല്യോണ്‍, ഇടങ്കൈയന്‍ സ്റ്റീവ് ഒക്ഫീ, ആഷ്ടണ്‍ ആഗര്‍, മാറ്റ് റെന്‍ഷ എന്നിവര്‍ക്കൊപ്പം പുതുമുഖക്കാരന്‍ മിച്ചല്‍ സ്വെ്സനും അടങ്ങിയ സ്പിന്‍ നിരയുമായാണ് ഓസീസ് ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങുന്നത്. ഇപ്പോള്‍ ആസ്ട്രേലിയയിലുള്ള പനേസര്‍ ഉടന്‍തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ആസ്ട്രേലിയ ഹൈപെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹൊവാഡാണ് പനേസറിനെ ഉപദേശകനായി നിയമിച്ചത്.
ഓരോ ഇന്ത്യന്‍ ബാറ്റ്സ്മാനെതിരെയും എങ്ങനെ പന്തെറിയണമെന്ന തന്ത്രമാവും മുന്‍ ഇംഗ്ളീഷ് താരത്തിനു കീഴില്‍ ഓസീസ് ഒരുക്കുക. ഇന്ത്യന്‍ താരങ്ങളുടെ

ബാറ്റിങ് ശൈലി നന്നായി അറിയാവുന്ന ശ്രീറാമിന്‍െറ സാന്നിധ്യവും അനുഗ്രഹമാവും.2004നുശേഷം ആസ്ട്രേലിയക്ക് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റില്‍പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 2011ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഏഷ്യന്‍ വന്‍കരയില്‍ നേടിയ അവസാന പരമ്പര വിജയം. ഫെബ്രുവരി 23ന് പുണെയിലാണ് ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ്.

Tags:    
News Summary - Australia hire Monty Panesar as spin consultant for India tourAustralia hire Monty Panesar as spin consultant for India tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.