ഇന്ത്യ-പാക് ക്രിക്കറ്റില്‍ വീണ്ടും രാഷ്ട്രീയക്കളി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചെറിയ ചലനങ്ങള്‍പോലും ഇന്ത്യ-പാക് ക്രിക്കറ്റിനെ ബാധിക്കുന്നത് പുതിയ സംഭവമല്ല. അതുകൊണ്ടുതന്നെ, ഉറി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാനില്ളെന്ന ബി.ജെ.പി എം.പിയും ബി.സി.സി.ഐ പ്രസിഡന്‍റുമായ അനുരാഗ് ഠാകുറിന്‍െറ പ്രസ്താവനയില്‍ അദ്ഭുതവുമില്ല. എന്നാല്‍, ഠാകുറിന്‍െറ പ്രസ്താവന ഇന്ത്യ-പാക് ക്രിക്കറ്റിനെ കൂടുതല്‍ അകലങ്ങളിലേക്ക് നയിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്‍െറ പങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍പോലും തുടങ്ങിക്കഴിഞ്ഞു. അനുരാഗ് ഠാകുറിന്‍െറ പ്രസ്താവനയെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച മുന്‍ പാകിസ്താന്‍ താരങ്ങള്‍, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. യു.എ.ഇയില്‍ നടത്താന്‍ ആലോചിച്ചിരുന്ന ഇന്ത്യ-പാക് വനിത ക്രിക്കറ്റും ഇതോടെ അവതാളത്തിലായി.

ഉറി ആക്രമണത്തില്‍ പാകിസ്താന് പങ്കുള്ള സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള സാധ്യത സമീപഭാവിയിലെങ്ങും ഉണ്ടാവില്ളെന്നായിരുന്നു കോഴിക്കോട്ടത്തെിയ അനുരാഗ് ഠാകുറിന്‍െറ പ്രസ്താവന. ഇത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് വിമര്‍ശവുമായി പാകിസ്താന്‍ താരങ്ങള്‍ മുന്നോട്ടുവന്നത്. അനുരാഗ് ഠാകുര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ളെന്ന് മുന്‍ താരം മുഹമ്മദ് യൂസുഫ് പറഞ്ഞു. ബി.ജെ.പി നേതാവായാണോ ബി.സി.സി.ഐ പ്രസിഡന്‍റായാണോ ഠാകുര്‍ സംസാരിക്കുന്നത്? ഇത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ ക്രിക്കറ്റില്‍ അനുവദിക്കാതിരിക്കാന്‍ ഐ.സി.സി മുന്‍കൈയെടുക്കണമെന്നും യൂസുഫ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിരാശജനകമാണെന്ന് പി.സി.ബി വൃത്തങ്ങള്‍ അറിയിച്ചു. ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന് സുരക്ഷ ഒരുക്കാനാവില്ളെന്ന ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍നിന്ന് പാകിസ്താന്‍ പിന്‍വാങ്ങുമെന്ന് അറിയിച്ചെങ്കിലും കൊല്‍ക്കത്തയിലേക്ക് മത്സരം മാറ്റുകയായിരുന്നു. 2007നുശേഷം ഇന്ത്യ-പാക് ടെസ്റ്റും 2012ന് ശേഷം ഏകദിന പരമ്പരയും നടന്നിട്ടില്ല. ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത് മാത്രമാണ് നിലവിലെ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.