ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് ഇന്ന്

കിങ്സ്റ്റണ്‍: യുവരക്തത്തിന്‍െറ തിളപ്പില്‍ ആദ്യ ടെസ്റ്റ് അനായാസം ഇന്നിങ്സിന് ജയിച്ചതിന്‍െറ ആത്മവിശ്വാസവുമായി വിരാട് കോഹ്ലിയും കൂട്ടരുമിറങ്ങുന്നു. ആദ്യ ടെസ്റ്റില്‍ സ്വന്തം മണ്ണിലേറ്റ തോല്‍വിക്ക് പകവീട്ടാന്‍ വിന്‍ഡീസും കച്ചമുറുക്കുമ്പോള്‍ ശനിയാഴ്ച കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പൊടിപാറുമെന്നുറപ്പ്.
ഒരുകാലത്ത് വിന്‍ഡീസില്‍ വന്നിറങ്ങിയ എതിരാളികള്‍ പിച്ചില്‍നിന്ന് തീപറത്തുന്ന ബൗളര്‍മാരുടെ പ്രകടനം കണ്ട് ചൂളിപ്പോയിട്ടുണ്ട്. ആ പശു ചത്തു. മോരിലെ പുളിയും പോയി. ജോയല്‍ ഗാര്‍നര്‍, മാല്‍കം മാര്‍ഷല്‍, കര്‍ട്ലി ആംബ്രോസ്, കോട്നി വാല്‍ഷ് തുടങ്ങിയ ഫാസ്റ്റ് ബൗളിങ്ങിലെ തമ്പുരാക്കന്മാരുടെ നിരയില്‍ പേരുചേര്‍ക്കാന്‍ പോന്ന ഒരാളും ഇപ്പോള്‍ കരീബിയന്‍ നിരയിലില്ല. മാത്രമല്ല, ഗാരി സോബേഴ്സിന്‍െറയോ ഡെസ്മണ്ട് ഹെയ്ന്‍സിന്‍െറയോ ഗോര്‍ഡന്‍ ഗ്രീനിഡ്ജിന്‍െറയോ വിവ് റിച്ചാര്‍ഡ്സിന്‍െറയോ നിലവാരമുള്ള ബാറ്റ്സ്മാന്മാരും അവിടെയിപ്പോള്‍ ഇല്ല. സ്പിന്നര്‍മാരുമായി വിരുന്നുവരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ മുന്നില്‍ അവരുടെ ബാറ്റിങ് നിര വിയര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
പക്ഷേ, ഈ ദൗര്‍ബല്യങ്ങളെയെല്ലാം ഒരൊറ്റ മത്സരംകൊണ്ട് കഴുകിത്തുടക്കാന്‍ പോന്നവര്‍ ഇപ്പോഴും ഈ ദ്വീപ് രാജ്യത്തുണ്ടെന്നതിന് കഴിഞ്ഞ ട്വന്‍റി20 ലോകകപ്പ് ധാരാളം. പെട്ടെന്നൊരു നാള്‍ താരങ്ങളായി മാറാന്‍ കെല്‍പുറ്റവര്‍ ഇപ്പോഴും വിന്‍ഡീസ് നിരയിലുണ്ട്. ഫാസ്റ്റ് ബൗളിങ്ങിനെ അല്‍പം ചങ്കിടിപ്പോടെ നേരിടുന്ന ഇന്ത്യയെ രണ്ടാം ടെസ്റ്റിലെങ്കിലും തളക്കാന്‍ വിന്‍ഡീസ് പുതിയൊരു താരത്തെ കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് കരീബിയന്‍ മണ്ണിലത്തെിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഫാസ്റ്റ് ബൗളര്‍ അല്‍സര്‍റി ജോസഫ്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗമേറിയ ബാള്‍ എറിഞ്ഞത് ജോസഫായിരുന്നു.
അന്താരാഷ്ട്ര മത്സരത്തില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ജോസഫിന്‍െറ അരങ്ങേറ്റത്തിനായിരിക്കും ഇന്ന് കിങ്സ്റ്റണിലെ സബീന പാര്‍ക്ക് സാക്ഷ്യംവഹിക്കുക. പുതുതായി നിര്‍മിച്ച സബീനയിലെ പിച്ച് പ്രവചനാതീതമാണ്. നിറയെ പുല്ലുള്ള പിച്ച് ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമാകാനാണ് സാധ്യത. അങ്ങനെയായാലും കളി ഏകപക്ഷീയമാകില്ളെന്ന് ആദ്യ ടെസ്റ്റിന്‍െറ കണക്കുകള്‍ പറയുന്നു.
ഇന്ത്യയുടെ കരുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിന്നു നയിക്കുന്ന ബാറ്റിങ്ങുതന്നെ. കോഹ്ലി ഡബ്ള്‍ സെഞ്ച്വറിയും അശ്വിന്‍ സെഞ്ച്വറിയും നേടിയപ്പോള്‍ ശിഖര്‍ ധവാനും അമിത് മിശ്രയും അര്‍ധ സെഞ്ച്വറി നേടി മികച്ച ഫോമിലുമാണ്. മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയെ തടയാന്‍ വിന്‍ഡീസിന് വിയര്‍ക്കേണ്ടിവരും. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 92 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. നാലു ടെസ്റ്റുകളാണ് പരമ്പരയില്‍.
വിരാട് കോഹ്ലിയെ എങ്ങനെ മെരുക്കാമെന്നതു തന്നെയായിരിക്കും വെസ്റ്റിന്‍ഡീസിനെ അലട്ടുന്ന പ്രധാന വിഷയം. അതിനാണ് പുതിയ പരീക്ഷണവുമായി അല്‍സര്‍റി ജോസഫിനെ രംഗത്തിറക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.