പാകിസ്താന്‍-ഇംഗ്ളണ്ട് ഒന്നാം ടെസ്റ്റ്; ജയപരാജയങ്ങള്‍ക്കിടയില്‍ നാലാം നാള്‍

ലോഡ്സ്: ക്രിക്കറ്റിന്‍െറ ഈറ്റില്ലമായ ലോഡ്സില്‍ ചരിത്രമെഴുതാന്‍ പാകിസ്താന് വേണ്ടത് നാല് വിക്കറ്റ്. മാനം കാക്കാന്‍ ഇംഗ്ളണ്ടിന് എത്തിപ്പിടിക്കേണ്ടത് 111 റണ്‍സ്. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ ആദ്യ ടെസ്റ്റിന്‍െറ നാലാം നാള്‍ വിജയം ഏതു വശത്തേക്കും മറിയുമെന്ന നിലയില്‍. ജയിക്കാന്‍ 283 റണ്‍സെന്ന ലക്ഷ്യവുമായി നാലാം ഇന്നിങ്സില്‍ ബാറ്റെടുത്തിറങ്ങിയ ഇംഗ്ളണ്ട് പരാജയമൊഴിവാക്കാന്‍ പൊരുതുകയാണ്. 61 ഓവറില്‍ 172 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇംഗ്ളണ്ടിന്‍െറ ആറ് വിക്കറ്റുകള്‍ നിലംപൊത്തിക്കഴിഞ്ഞു. 39 റണ്‍സുമായി ചെറുത്തുനില്‍ക്കുന്ന ജോണി ബെയര്‍സ്റ്റോവിലാണ് ഇംഗ്ളണ്ടിന്‍െറ മുഴുവന്‍ പ്രതീക്ഷയും.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സുമായി നാലാം ദിനം ബാറ്റിങ് തുടര്‍ന്ന പാകിസ്താന്‍െറ രണ്ടാം ഇന്നിങ്സിന് ഒരു റണ്ണിന്‍െറകൂടി ആയുസ്സേയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് ഫാസ്റ്റ് ബൗളര്‍ റാഹത്ത് അലിയുടെ പന്തുകള്‍ക്കു മുന്നില്‍ മുട്ടിടിച്ചു. 47 റണ്‍സ് ചേര്‍ക്കുന്നതിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത് ഇംഗ്ളണ്ടിനെ റാഹത്ത് ബാക്ഫൂട്ടിലാക്കി. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (8), അലക്സ് ഹെയില്‍സ് (16), ജോ റൂട്ട് (9) എന്നിവര്‍ റാഹത്തിന്‍െറ ഇരകളായി.

തുടര്‍ന്ന് ജെയിംസ് വിന്‍സും (42) ഗാരി ബാലന്‍സും (43) നടത്തിയ ചെറുത്തുനില്‍പാണ് ഇംഗ്ളണ്ടിനെ വന്‍ തകര്‍ച്ചയില്‍നിന്ന് കാത്തത്. വിന്‍സിനെ വഹാബ് റിയാസും ബാലന്‍സിനെ യാസിര്‍ ഷായും വീഴ്ത്തി. ബാലന്‍സിന്‍െറ കുറ്റി പിഴുത യാസിറിന്‍െറ പന്ത് അതിമനോഹരമായിരുന്നു.
അതേസമയം, ഒരറ്റത്ത് ജോണി ബെയര്‍സ്റ്റോ പൊരുതുകയാണ്. 127 പന്തില്‍ നാല് ബൗണ്ടറി സഹിതം 44 റണ്‍സാണ് പുറത്താകാതെ ബെയര്‍സ്റ്റോ എടുത്തത്. റാഹത്ത് അലി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യാസിര്‍ ഷാ രണ്ട് വിക്കറ്റ് സ്വന്തമാക്കി. വിലക്ക് കഴിഞ്ഞ് മടങ്ങിയത്തെിയ മുഹമ്മദ് ആമിറിന് കാര്യമായൊന്നും ചെയ്യാനായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.