ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരക്ക് ഇന്ന് തുടക്കം

അഡ്ലെയ്ഡ്: റിപ്പബ്ളിക് ദിനത്തില്‍ ഒരു ജയമെന്നത് ടീം ഇന്ത്യക്ക് മധുരമായിരിക്കും. അതുപോലെ സ്വന്തം മണ്ണില്‍ ദേശീയ ദിനത്തില്‍ വിജയം ആസ്ട്രേലിയക്കും മധുരമായിരിക്കും. ഇരു രാജ്യങ്ങളുടെയും ദേശീയ പ്രാധാന്യമുള്ള ചൊവ്വാഴ്ച മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിന് അഡ്ലെയ്ഡില്‍ നടക്കും.

മാര്‍ച്ചില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനായിരിക്കും ധോണിയും സംഘവും ശ്രമിക്കുക. മറുവശത്ത് പരമ്പര സ്വന്തമാക്കി സമ്പൂര്‍ണ അപ്രമാദിത്വത്തിന് മഞ്ഞപ്പടയും കോപ്പുക്കൂട്ടും. ബാറ്റിങ് നിര ഇരുവശത്തും ശക്തമാണ്. എന്നാല്‍, ബൗളിങ് നേരെ വിപരീതവും. ഇന്ത്യന്‍ നിരയില്‍ ആശിഷ് നെഹ്റയും ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും തിരിച്ചത്തെി.  മികച്ച ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ എന്നിവരുടെ നിരയിലേക്ക് യുവരാജ് സിങ്, സുരേഷ് റെയ്ന കൂടിയത്തെുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ഫുള്‍ ലോഡാകും. പുറമെ, ഐ.പി.എല്ലില്‍ വെടിക്കെട്ട് വിസ്മയം തീര്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യയും ട്വന്‍റി20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബൗളിങ്ങില്‍ അവസാന ഏകദിനത്തില്‍ പന്തെറിഞ്ഞ ജസ്പ്രിത് ബുംറ നല്ലരീതിയില്‍ പന്തെറിഞ്ഞത് ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകയാണ്. ആരോണ്‍ ഫിഞ്ചിന്‍െറ നേതൃത്വത്തില്‍ ഇറങ്ങുന്ന ആസ്ട്രേലിയന്‍ നിരക്കും വെല്ലുവിളി ബൗളിങ് ഡിപ്പാര്‍ട്മെന്‍റാണ്. സിഡ്നിയില്‍ 331 റണ്‍സ് നേടിയിട്ടും പ്രതിരോധിക്കാന്‍ സാധിക്കാത്തതോടെ ആസ്ട്രേലിയയുടെ ആത്മവിശ്വാസത്തിലും ഇടിവുതട്ടിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം ഷോണ്‍ ടെയ്റ്റ് പന്തെറിയുന്നതാണ് ഓസീസ് നിരയിലെ പ്രത്യേകത. കൂറ്റനടിക്കാരന്‍ മാക്സ്വെല്‍ പരിക്കേറ്റ് പുറത്തായതും ഓസീസിന് തിരിച്ചടിയാണ്. ട്വന്‍റി20 ചരിത്രത്തില്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. ഇരുവരും ഒമ്പതുതവണ മുഖാമുഖം കണ്ടപ്പോള്‍ അഞ്ചിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്നുമത്സരങ്ങളും വിജയിച്ചാല്‍ റാങ്കിങ്ങില്‍ ഒന്നാമതത്തൊനും ഇന്ത്യക്ക് സാധിക്കും.

ടീം സാധ്യത (ഇന്ത്യ): രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, യുവരാജ് സിങ്, എം.എസ്. ധോണി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സുരേഷ് റെയ്ന, രവീന്ദ്ര ജദേജ, അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്റ, ജസ്പ്രീത് ബംറ, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ.
ടീം സാധ്യത (ആസ്ട്രേലിയ): ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്സണ്‍, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്നര്‍, സ്കോട്ട് ബൊലാന്‍ഡ്, ജോണ്‍ ഹാസ്റ്റിങ്സ്, ഷോണ്‍ ടെയ്റ്റ്, നഥാന്‍ ലിയോണ്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.