മുംബൈ: ഐ.പി.എൽ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ തയാറാക്കി. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ള 12 താരങ്ങളിൽ ബാറ്റ്സ്മാൻ യുവരാജ് സിങ്ങും മലയാളി താരം സഞ്ജു വി സാംസണും ഉൾപ്പെട്ടതായി റിപ്പോർട്ട്.
യുവരാജിനും സഞ്ജുവിനും പുറമെ കെവിൻ പിറ്റേഴ്സൺ, ഷെയ്ൻ വാട്സൻ, ഇഷാന്ത് ശർമ, മിച്ചൽ മാർഷ്, മൈക്ക് ഹസി, വെയ്ൻ റിച്ചാർഡ്സൻ, ദിനേശ് കാർത്തിക്, ആശിഷ് നെഹ്റ, ദവാൽ കുൽക്കർണി, സ്റ്റുവർട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് സഞ്ജു വി സാംസൺ കളിച്ചിരുന്നത്. എന്നാൽ, ഐ.പി.എല്ലിൽ നിന്ന് രാജസ്ഥാൻ റോയൽസിനെ പുറത്താക്കിയതോടെ സഞ്ജു പുതിയ ടീമിലേക്ക് പോകേണ്ടിവരും. ട്വന്‍റി 20 ഫോർമാറ്റിലെ സഞ്ജുവിന്‍റെ മികവ് കണക്കിലെടുത്താണ് ബി.സി.സി.ഐ ഉയർന്ന വിലയിട്ടത്.
ആകെ 714 കളിക്കാരുടെ പട്ടികയാണ് ബി.സി.സി.ഐ തയാറാക്കിയത്. ഡെയ്ൻ സ്റ്റെയ്ൻ, മോഹിത് ശർമ, ജോസ് ബട്ട്ലർ എന്നിവർ 1.5 കോടി പട്ടികയിലും ഇർഫാൻ പത്താൻ, ടിം സോത്തി എന്നിവർ ഒരു കോടി പട്ടികയിലും ഇടംപിടിച്ചു. 50 ലക്ഷം രൂപ വിലയുള്ളവരുടെ പട്ടികയിൽ മാർട്ടിൻ ഗുപ്റ്റിൽ, ജാസൻ ഹോൾഡർ, ബരിന്ദർ സ്രാൻ എന്നീ താരങ്ങളും ഉൾപ്പെടുന്നു.
ഫെബ്രുവരി ആറിന് ബംഗളൂരുവിലാണ് ഐ.പി.എൽ താരലേലം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.