ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ബി.സി.സി.ഐ സുപ്രീംകോടതിയിലേക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ സമൂലമാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലുള്ള അസ്വാഭാവികതകളും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ തീരുമാനം. മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡിന്‍െറ പ്രത്യേക പൊതുയോഗമാണ് ഈ തീരുമാനമെടുത്തത്. ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് സെക്രട്ടറി അനുരാഗ് താക്കൂര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സംസ്ഥാന അസോസിയേഷനുകള്‍ അവരുടേതായരീതില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കമ്മിറ്റി നിര്‍ദേശമനുസരിച്ച് ബോര്‍ഡിന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെയും (സി.ഇ.ഒ) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറെയും (സി.എഫ്.ഒ) നിയമിക്കുന്നതിന് അനുയോജ്യരായ വ്യക്തികളെ കണ്ടുപിടിക്കാന്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പൊതുയോഗത്തിനുശേഷം നടന്ന വര്‍ക്കിങ് കമ്മിറ്റി ചുമതലപ്പെടുത്തി.

ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്തുനിന്ന് ഒരു വോട്ട്, അധികാരികള്‍ക്ക് പ്രായപരിധി, സംസ്ഥാന-ദേശീയ ബോര്‍ഡുകളില്‍ ഒരേസമയം ചുമതല ഏല്‍ക്കാതിരിക്കുക, അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേഷണത്തിനിടയിലെ പരസ്യം നിയന്ത്രിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.ഒരു സംസ്ഥാനത്തുനിന്ന് ഒരു വോട്ട് എന്ന നിര്‍ദേശവും അധികാരികളുടെ പ്രായപരിധിയും ബാധിക്കുമെന്നുറപ്പുള്ള സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.  

മുംബൈ, ബറോഡ എന്നീ അസോസിയേഷനുകള്‍ക്കവോട്ടിങ് അവകാശം നഷ്ടപ്പെടുന്ന ‘ഒരു സംസ്ഥാനം, ഒരു വോട്ട്’, പ്രായപരിധി, നിലവിലെ ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂര്‍, ട്രഷറര്‍ അനിരുദ്ധ് ചൗധരി, ജോയന്‍റ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരെ ബാധിക്കുന്ന ചുമതല നിയന്ത്രണം തുടങ്ങിയവ സത്യവാങ്മൂലത്തില്‍ ഉന്നയിക്കപ്പെടും. ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ മറ്റ് കളികള്‍ നടത്താനുള്ള കമ്മിറ്റി നിര്‍ദേശവും സാധ്യമല്ളെന്ന അഭിപ്രായമാണ് ബോര്‍ഡിനുള്ളത്. ടെലിവിഷന്‍ സംപ്രേഷണത്തിനിടയിലെ പരസ്യം, ഭക്ഷണ ഇടവേളകളില്‍ മാത്രം മതിയെന്ന നിര്‍ദേശം ബി.സി.സി.ഐക്ക് 1500 കോടി വരുമാനനഷ്ടമുണ്ടാക്കുന്നത് ചോദ്യംചെയ്യും.  മാര്‍ച്ച് മൂന്നിന് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഛത്തീസ്ഗഢിന് ബി.സി.സി.ഐയില്‍ പൂര്‍ണഅംഗത്വം നല്‍കാനും പ്രത്യേക പൊതുയോഗം തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.