മക്കല്ലം ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു

ഹാമില്‍ട്ടണ്‍: 27 പന്തില്‍ 47 റണ്‍സ്, ഗാലറിയുടെ മോന്തായം നോക്കി പറന്ന മൂന്ന് സിക്സറുകള്‍, അതിര്‍ത്തി വര ചാടിക്കടന്ന് പിന്നെയും മുന്നോട്ട് പാഞ്ഞ ആറ് ബൗണ്ടറികള്‍. സ്ട്രൈക് റേറ്റ് 174. ആവനാഴിയില്‍ ഇനിയുമിനിയും ആയുധങ്ങള്‍ മൂര്‍ച്ചകൂടിയിരിപ്പുണ്ടെന്ന് അവസാന കളിയിലും തെളിയിച്ച് സമകാല ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാനായ ന്യൂസിലന്‍ഡിന്‍െറ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അവസാന മത്സരത്തില്‍ 55 റണ്‍സിന് പരാജയപ്പെടുത്തി 2-1ന് പരമ്പരയും സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ കൂടിയായ മക്കല്ലം രാജകീയമായി കളമിറങ്ങിയത്. ലോകകപ്പ് ഫൈനലില്‍ ഏറ്റ തിരിച്ചടിക്ക് നേര്‍ത്തൊരു പകരംവീട്ടല്‍ കൂടിയായി മക്കല്ലത്തിന് അവസാന മത്സരം. ഈ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കു ശേഷം 34കാരനായ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിന്‍െറ എല്ലാ മേഖലയില്‍നിന്നും വിടപറയും. എന്നാലും, ഐ.പി.എല്ലില്‍ ഈ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി മക്കല്ലം കളത്തിലിറങ്ങും.

260 ഏകദിന മത്സരങ്ങളിലെ 228 ഇന്നിങ്സുകളില്‍നിന്ന് 30.41 റണ്‍സ് ശരാശരിയില്‍ 6083 റണ്‍സാണ് മക്കല്ലത്തിന്‍െറ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 96.37 ആണ് സ്ട്രൈക് റേറ്റ്. 2002ല്‍ ആസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിട്ടായിരുന്നു മക്കല്ലത്തിന്‍െറ അരങ്ങേറ്റം. ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡിനെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ എത്തിച്ച ബഹുമതിയുമായാണ് ബ്രണ്ടന്‍ മക്കല്ലം എന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഏകദിനത്തില്‍നിന്ന് പാഡഴിക്കുന്നത്.

അവസാന മത്സരം കളിച്ച മക്കല്ലത്തിന് എതിരാളികളായ ആസ്ട്രേലിയന്‍ ടീം ഉചിതമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.‘കഴിഞ്ഞ 14 വര്‍ഷമായി കളിക്കാന്‍ കഴിഞ്ഞു എന്നത് വിസ്മയകരമായി തോന്നുന്നു. മറ്റ് പലര്‍ക്കും കഴിയാതിരുന്നതാണ്. ഈ ഓര്‍മകള്‍ മതി ശേഷിക്കുന്ന കാലം ജീവിക്കാന്‍’ - വിടവാങ്ങല്‍ പ്രസംഗത്തില്‍ മക്കല്ലം പറഞ്ഞു.ഐ.പി.എല്ലില്‍ കൊച്ചിന്‍ ടസ്കേഴ്സിന്‍െറയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറയും ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറയും കളിക്കാരനുമായിരുന്നു മക്കല്ലം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.