മുംബൈ: ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലെ 'ഫൈനല്‍' മത്സരത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക കുത്തിമലര്‍ത്തി. പ്രോട്ടീസ് സംഘത്തിലെ മൂന്ന് പേര്‍ സെഞ്ച്വറിയുമായി റണ്‍മല തീര്‍ത്ത മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 214 റണ്‍സിനായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3^2ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഏകദിന പരമ്പര നേടുന്നത്.
നാലു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്‌റ്റൈനും രണ്ടു വിക്കറ്റ് വീഴത്തിയ ഇമ്രാന്‍ താഹിറുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സ്വന്തം മണ്ണില്‍ ഏകദിന പരമ്പര തോറ്റിട്ടില്ല എന്ന കണക്ക് ധോണിക്ക് നഷ്ടമായി. ഇന്ത്യന്‍ മണ്ണിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര നേട്ടമാണിത്. ഇന്ത്യയുടെ രണ്ടാമത്തെ എറ്റവും വലിയ തോല്‍വിയും.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കന്‍ സംഘം 50 ഓവറില്‍ അടിച്ചെടുത്ത 439 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 35.5 ഓവറില്‍ കൂടാരം പൂകി. പ്രോട്ടീസ് സംഘമുയര്‍ത്തിയ റണ്‍മല കണ്ട് പകച്ച ഇന്ത്യയെ വാംഖഡെയുടെ പിച്ചില്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ നിരയില്‍ അജിങ്ക്യ രഹാനെ(87), ശിഖര്‍ ധവാന്‍ (60) എന്നിവര്‍ക്കു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
ദയാദാക്ഷിണ്യം ഒട്ടുമില്ലാതെ ഇന്ത്യന്‍ ബൗളര്‍മാരുടെ പന്ത് നാലുപാടും പറത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് കരുത്തറിയിച്ച മത്സരത്തില്‍ ബാറ്റേന്തിയ മൂന്നു പേര്‍ സെഞ്ച്വറി നേടി. ഓപണര്‍ ക്വിന്റണ്‍ ഡികോക് (87 പന്തില്‍ 109), ഫഫ് ഡുപ്‌ളെസി (115 പന്തില്‍ 133), എബി ഡിവിലിയേഴ്‌സ് (61 പന്തില്‍ 119) എന്നിവരാണ് സെഞ്ച്വറി നേടിയത്. ഇതില്‍ ഫഫ് ഡുപ്‌ളെസി പരിക്ക് പറ്റി പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമായേനെ. ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ ഇത് രണ്ടാമത്തെ തവണയാണ് മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി നേടുന്നത്.
പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് ഡികോക് നേടിയതെങ്കില്‍ ഡിവിലിയേഴ്‌സ് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമാണ് ഇന്ന് നേടിയത്. കൂടുതല്‍ ആക്രമണകാരി പതിവുപോലെ ഡിവിലിയേഴ്‌സ് തന്നെയായിരുന്നു. മൂന്ന് ഫോറും 11 സിക്‌സറുമാണ് സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനായ എബി നേടിയത്.
ആറ് സിക്‌സറും ഒമ്പത് ഫോറുകളുമടങ്ങുന്നതാണ് ഡുപ്‌ളെസിയുടെ ഇന്നിങ്‌സ്. കാലില്‍ പേശിവലിവ് കാരണം ബുദ്ധിമുട്ടിയാണ് ഫഫ് കളിച്ചതെങ്കിലും റണ്‍സെടുക്കുന്നതില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. കാല് വലിഞ്ഞ ഡുപ്‌ളെസി ബാറ്റിങ്ങിനിടെ രണ്ട് തവണ ക്രീസില്‍ വീഴുകയും ചെയ്തു. ഡുപ്‌ളെസിയെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ട് തവണ വിട്ടുകളഞ്ഞതിനും ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷിയായി.
മികച്ച ഇന്നിങ്‌സാണ് ഡികോക്ക് ഈ കളിയിലും കാഴ്ചവെച്ചത്. 17 ഫോറുകളും ഒരു സിക്‌സറും ഡികോക് കളിയില്‍ നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇരുടീമും രണ്ടു വിജയങ്ങള്‍ നേടിയാണ് മുംബൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.