സഹീര്‍ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഇടങ്കയ്യന്‍ പേസ് ബൗളറായ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അതേസമയം അടുത്ത ഐ.പി.എല്ലില്‍ കളിക്കുമെന്നും സഹീര്‍ ഖാന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കുന്ന കാര്യം സഹീര്‍ പുറത്തുവിട്ടത്. രാജ്യത്തിനുവേണ്ടി 92 ടെസ്റ്റും 200 ഏകദിനവും 17 ട്വന്‍റി20യും കളിച്ചാണ് സഹീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.

ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലാം സ്ഥാനമാണ് സഹീര്‍ ഖാന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 610 വിക്കറ്റികളാണ് സഹീര്‍ഖാന്‍െറ സമ്പാദ്യം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ^311^ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് സഹീര്‍. കപില്‍ദേവാണ് ^434^ ഒന്നാം സ്ഥാനത്ത്. പരിക്കിന്‍െറ പിടിയിലായതിനാല്‍ അടുത്തിടെ വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമേ സഹീറിന് കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ബൗള്‍ ചെയ്യുന്ന കൈക്ക് പറ്റിയ പരിക്കാണ് 2014 മെയ് മുതല്‍ സഹീറിന് ക്രിക്കറ്റില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്നത്. 2014 തുടക്കത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് സഹീര്‍ അവസാനമായി ടെസ്റ്റ് കളിച്ചതെങ്കില്‍ മൂന്നു വര്‍ഷം മുമ്പ് ശ്രീലങ്കക്കെതിരെയാണ് അദ്ദേഹം അവസാനമായി ഏകദിനം കളിച്ചത്.

വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ തന്‍െറ കൂടെ കളിച്ച എല്ലാ താരങ്ങള്‍ക്കും നന്ദി പറഞ്ഞ സഹീര്‍, 2011 ലോകകപ്പ് വിജയമാണ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമെന്നും കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റാണ് എന്‍െറ ജീവിതം. എന്തെങ്കിലും അറിയാമെങ്കില്‍ അത് ക്രിക്കറ്റ് മാത്രമാണ്. താന്‍ ഇപ്പോള്‍ എന്തെങ്കിലുമാണെങ്കില്‍ അത് ക്രിക്കറ്റ് കൊണ്ടുണ്ടായതാണ്. ജീവിതത്തില്‍ എല്ലാം തന്നത് ക്രിക്കറ്റാണ്. ഏറ്റവും മനോഹരമായ ഓര്‍മകള്‍, മികച്ച അനുഭവം, മഹത്തായ സൗഹൃദം എന്നിവയുമായാണ് ക്രിക്കറ്റില്‍ നിന്ന് വിടപറയുന്നത്' സഹീര്‍ വ്യക്തമാക്കി.

യോര്‍ക്കറുകളും സ്വിങ് ബൗളിങ്ങുമാണ് സഹീര്‍ഖാനെ അപകടകാരിയാക്കിയത്. സങ്കക്കാരയടക്കമുള്ള ഇതിഹാസ ബാറ്റ്സ്മാന്‍മാര്‍ സഹീറിന്‍െറ മികവിനെ പുകഴ്ത്തിയിട്ടുമുണ്ട്. സഹീറിന്‍െറ യോര്‍ക്കറുകളെ പറ്റി പറയുമ്പോള്‍ 2000ല്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ വിക്കറ്റായിരിക്കും എല്ലാവരുടെയും മനസ്സില്‍ കടന്നുവരിക. കളി ഏറെ കണ്ട സ്റ്റീവ് വോക്ക് അരങ്ങേറ്റ പരമ്പര കളിക്കുന്ന സഹീറിന്‍െറ ബോളിന് മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. വേഗതയിലുള്ളൊരു യോര്‍ക്കര്‍ കുറ്റിയും കൊണ്ട് പോവുകയായിരുന്നു. സ്റ്റീവ് വോക്ക് പുറമെ അപകടകാരിയായ ആദം ഗില്‍ക്രിസ്റ്റിനെയും പുറത്താക്കിയ സഹീര്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

92 ടെസ്റ്റില്‍ നിന്ന് 3.27 എകോണമി റേറ്റില്‍ 311 വിക്കറ്റാണ് സഹീര്‍ ടെസ്റ്റില്‍ നേടിയത്. 87 റണ്‍സിന് ഏഴ് വിക്കറ്റ് നേടിയതാണ് ഒരു ടെസ്റ്റ് ഇന്നിങ്സില്‍ സഹീറിന്‍െറ മികച്ച പ്രകടനം. 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റ് നേടിയ സഹീറിന്‍െറ മികച്ച പ്രകടനം 42 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയതാണ്. 

ബാറ്റിങ്ങില്‍ വാലറ്റക്കാരന്‍െറ മികച്ച റെക്കോര്‍ഡുമായാണ് സഹീര്‍ വിരമിക്കുന്നത്. ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സഹീര്‍ഖാനാണ്. സിംബാബ് വെക്കിതെരായ ഒരു മത്സരത്തില്‍ ഹെന്‍ട്രി ഒലോംഗക്കെതിരെ ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സറുകള്‍ അടിച്ച നേട്ടവും സഹീറിനുണ്ട്. പ്രഹരശേഷിയുള്ള വാലറ്റ ബാറ്റ്സ്മാനായിരുന്നു സഹീര്‍.

സഹീര്‍ഖാനുള്ള ചില കൗതുകകരമായ റെക്കോര്‍ഡുകള്‍

പാകിസ്താന്‍െറ വസീം അക്രം (414), ശ്രീലങ്കയുടെ ചാമിന്ദ വാസ് (355) എന്നിവര്‍ക്ക് പിന്നില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടങ്കയ്യന്‍ ബൗളര്‍

ലോകകപ്പില്‍ നേടിയത് 44 വിക്കറ്റുകള്‍. ലോകകപ്പില്‍ ഇത്രയും വിക്കറ്റ് നേടുന്ന അഞ്ചാമത്തെ കളിക്കാരന്‍. ലോകകപ്പില്‍ ഇത്രയും വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരം.

237 തവണ ഇങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരെ പുറത്താക്കി. മുത്തയ്യ മുരളീധരനും (325) ഷോണ്‍പൊള്ളോക്കുമാണ് (252) ഇക്കാര്യത്തില്‍ സഹീറിന്‍െറ മുന്നിലുള്ളത്.

ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത്, ലങ്കയുടെ കുമാര്‍ സങ്കക്കാര, സനത് ജയസൂര്യ, ആസ്ട്രേലിയയുടെ മാത്യൂ ഹെയ്ഡന്‍ എന്നിവരെ പത്തിലേറെ തവണ സഹീര്‍ പുറത്താക്കിയിട്ടുണ്ട്. എല്ലാവരും ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.