അശ്വിൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

ദുബൈ: ഇന്ത്യയുടെ ആർ. അശ്വിൻ ഐ.സി.സിയുടെ ടെസ്റ്റ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത്. 1973ൽ ബിഷൻ സിങ് ബേദിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ ഈ നേട്ടം കൈവരിക്കുന്നത്. ടെസ്റ്റ് ഓൾ റൗണ്ടർമാരിലും അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത് ബാറ്റ്സ്മാൻമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

ഈ വർഷം ഒമ്പത് ടെസ്റ്റുകളിൽ നിന്നായി 62 വിക്കറ്റുകളാണ് തമിഴ്നാട്ടിൽ നിന്നുള്ള ഓഫ് സ്പിന്നറുടെ നേട്ടം. ഐ.സി.സിയുടെ ബൗളർമാരുടെ പട്ടികയിൽ രവീന്ദ്ര ജദേജ ആറാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ, ഇംഗ്ലണ്ടിൻെറ സ്റ്റുവർട്ട് ബ്രോഡ്, പാകിസ്താൻെറ യാസിൽ ഷാ, ഇംഗ്ലണ്ടിൻെറ തന്നെ ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് രണ്ടു മുതൽ അഞ്ച് വരെ സ്ഥാനങ്ങളുള്ള ബൗളർമാർ.

ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്താണ് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ബാറ്റ്സ്മാൻമാർ ആരും തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇല്ല. ബോക്സിങ് ഡേ ടെസ്റ്റിന് മുമ്പ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്നു സ്മിത്ത്. എന്നാൽ ടെസ്റ്റിൽ നേടിയ 134, 70 റൺസ് നേട്ടങ്ങളാണ് ആസ്ട്രേലിയയുടെ യുവതാരത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

24 ഇന്നിങ്സിൽ 1474 റൺസാണ് ഈ വർഷം സ്മിത്തിൻെറ നേട്ടം. ശരാശരി 73.70. ആറ് സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞയാഴ്ച ഐ.സി.സിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദി ഇയർ, ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും സ്മിത്തിന് ലഭിച്ചിരുന്നു. വർഷാവസാനത്തിൽ ടോപ് റാങ്കിങ്ങിൽ ഫിനിഷ് ചെയ്യുന്ന രണ്ടാമത്തെ ഓസീസ് ബാറ്റ്സ്മാനാണ് സ്മിത്ത്. റിക്കി പോണ്ടിങ് (2005, 2006), മൈക്കൽ ക്ലാർക്ക് (2012) എന്നിവരാണ് മറ്റുള്ളവർ.

 ന്യൂസിലൻഡിൻെറ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ടിൻെറ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്സ്, ഓസീസിൻെറ ഡേവിഡ് വാർണർ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടിയ ബാറ്റ്സ്മാൻമാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.