‘അലി’ഞ്ഞില്ലാതായി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: പുലിമടയില്‍ കയറി സര്‍വനാശം വിതച്ച അലിയിലൂടെ ഇംഗ്ളണ്ടിന്‍െറ പുതുവര്‍ഷാഘോഷം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം നമ്പറുകാരായ ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ 241 റണ്‍സിന് തകര്‍ത്ത് ഇംഗ്ളീഷുകാര്‍ ടെസ്റ്റ് പരമ്പരക്ക് ആധികാരിക തുടക്കം കുറിച്ചു. അവസാന ദിനത്തില്‍ നാലിന് 136 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ 23 ഓവറില്‍ പുറത്താക്കി സന്ദര്‍ശകര്‍ നാല് ടെസ്റ്റുകളടങ്ങിയ പരമ്പയില്‍ ലീഡ് നേടി.
സ്കോര്‍ ചുരുക്കത്തില്‍: ഇംഗ്ളണ്ട് 303, 326 ദക്ഷിണാഫ്രിക്ക 214, 174. കൈയിലെ ആറു വിക്കറ്റുമായി 280 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് കളിതുടങ്ങിയ ദക്ഷിണാഫ്രിക്ക മുഈന്‍ അലിയുടെ ഓഫ് ബ്രേക് പന്തുകള്‍ക്കു മുന്നിലാണ് ബുധനാഴ്ച തകര്‍ന്നടിഞ്ഞത്. എ.ബി ഡിവില്ലിയേഴ്സും ഡെയ്ല്‍ സ്റ്റെയ്നുമായിരുന്നു ക്രീസില്‍. ബൗളിങ് എന്‍ഡില്‍ 48ാം ഓവറില്‍ മുഈന്‍ അലിയും. മൂന്നാം പന്തില്‍ തന്നെ ഡിവില്ലിയേഴ്സ് (37) വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തേക്ക്. റിവ്യൂവിന് വിളിച്ചെങ്കിലും അമ്പയറുടെ തീരുമാനം ശരിയായി. തെബം ബവുമ ക്രീസില്‍. ഫിന്‍ എറിഞ്ഞ ഓവറിനു പിന്നാലെ വീണ്ടും മുഈന്‍. ഇക്കുറി, മൂന്നാം പന്തില്‍ ബവുമ (0) ബെയര്‍സ്റ്റോവിന് പിടികൊടുത്ത് കൂടാരം കയറി. സ്കോര്‍ബോര്‍ഡ് ഇളകും മുമ്പേ നഷ്ടമായ രണ്ടു വിക്കറ്റുകളുടെ ക്ഷീണം ദക്ഷിണാഫ്രിക്കയെ വിട്ടകന്നില്ല. ബാറ്റിങ് നിര ഒറ്റയക്കത്തില്‍ കൂടാരം കയറാന്‍ ആരംഭിച്ചതോടെ 38 റണ്‍സ് പിറക്കുന്നതിനിടെ ആറു വിക്കറ്റും നഷ്ടമായി. 26 റണ്‍സുമായി പിടിച്ചുനിന്ന ജെ.പി ഡുമിനി മാത്രമേ രണ്ടക്കം കടന്നുള്ളൂ. അലി മൂന്നും, സ്റ്റീവന്‍ ഫിന്‍ നാലും വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിലെ നാല് വിക്കറ്റ് കൂടി നേടിയ മുഈന്‍ അലിയാണ് കളിയിലെ താരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.