ഹെറാത്ത് എറിഞ്ഞിട്ടു; ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

ഗല്ലെ: ശ്രീലങ്കക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍െറ അവസാനദിവസം നിറഞ്ഞ വിജയപ്രതീക്ഷയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രംഗനെ ഹെറാത്തിന്‍െറ ഏറില്‍ വീണു. ആദ്യ ടെസ്റ്റില്‍ ശ്രീലങ്കക്ക് 63 റണ്‍സ് ജയം. അവസാന ദിനം ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 153 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 112 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 21 ഓവര്‍ ബൗള്‍ ചെയ്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രംഗനെ ഹെറാത്താണ് ഇന്ത്യയെ തകര്‍ത്തത്. തരിന്ദു കൗശല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

കേളികേട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ ഒരു ഘട്ടത്തില്‍ പോലും പൊരുതാന്‍ അനുവദിക്കാതെയായിരുന്നു ശ്രീലങ്കയുടെ വിജയം. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയടക്കം ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ പത്തിനു മുകളില്‍ റണ്‍സെടുക്കാതെ പുറത്തായി. 97 പന്തില്‍ 36 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 28 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്, ആര്‍. ആശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് ഹെറാത്തിന് കീഴടങ്ങിയത്. ശിഖര്‍ ധവാനും വിരാട് കോഹ് ലിയും എമിത് മിശ്രയും കൗശലിന് ഇരയായി.

രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ലങ്കയുടെ റണ്‍സ് ഉയര്‍ത്തിയ ദിനേശ് ചാണ്ഡിമാലാണ് മാന്‍ ഓഫ് ദി മാച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.