നോട്ടിങ്ഹാം: ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഏകദിന ലോകത്തിന്‍െറ രാജാക്കന്മാരായി സ്വന്തം ടീമിനെ വാഴിച്ച്, തലയുയര്‍ത്തി നിശ്ചിത ഓവര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ മൈക്കല്‍ ക്ളാര്‍ക്കിന് തൂവെള്ളക്കുപ്പായത്തില്‍ തോല്‍വിയുടെ കറയുമായി കണ്ണീര്‍മടക്കം. നാലാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ആഷസ് അടിയറവെച്ചതിന് പിന്നാലെ ക്രിക്കറ്റിനോടുതന്നെ വിടപറയുന്നതായി ഓസീസ് ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു.
മികവുറ്റ ഒരു കരിയറിന് പരിക്കും മോശം ഫോമും ഒടുവില്‍ പൊറുക്കാനാവാത്ത തോല്‍വിയും ഒരുക്കിയ അന്ത്യം. ഓവലില്‍ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റായിരിക്കും 34 കാരനായ ക്ളാര്‍ക്കിന്‍െറ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം. ‘എനിക്ക് ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട്. അതോടെ എന്‍െറ കരിയറിന്‍െറ അവസാനമാകും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഞാന്‍ വിരമിക്കുന്നു.’-ഇന്നിങ്സിനും 78 റണ്‍സിനും തോറ്റമ്പിയതിന് പിന്നാലെ ക്ളാര്‍ക്ക് പറഞ്ഞു. കരിയറിലെ 115ാം ടെസ്റ്റിലാണ് താരം വിടപറയുന്നത്.
‘ഓവലിലെ അവസാന ടെസ്റ്റ് എനിക്ക് കളിക്കണം. കളിയില്‍നിന്ന് ദൂരെപ്പോകാന്‍ നിങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല. പക്ഷേ, കഴിഞ്ഞ 12 മാസങ്ങളായുള്ള എന്‍െറ പ്രകടനം എനിക്കുതന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ല.’- സമ്മാനദാന വേദിയില്‍ നിറകണ്ണുകളോടെ ക്ളാര്‍ക്ക് പറഞ്ഞു. 2011ല്‍ റിക്കി പോണ്ടിങ്ങില്‍നിന്ന് ലോകത്തെ ഏറ്റവും മികച്ച ടീമിന്‍െറ സാരഥ്യമേറ്റെടുത്ത ക്ളാര്‍ക്ക്, നായകനായുള്ള ആദ്യ 30 ടെസ്റ്റില്‍ 12 സെഞ്ച്വറികളാണ് അടിച്ചെടുത്തത്. എന്നാല്‍, കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒരു അര്‍ധശതകംപോലും നേടാന്‍ താരത്തിനായില്ല.
അതിനൊപ്പമാണ് രണ്ടുടെസ്റ്റുകള്‍ മൂന്നുദിവസങ്ങളില്‍ തോറ്റ് ആഷസും കൈവിട്ടത്. ‘ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ ആഷസാണ്. ഞങ്ങള്‍ കഴിവതും ശ്രമിച്ചു, ഞാന്‍ തീര്‍ച്ചയായും എന്നാല്‍, കഴിയുന്നത് പോലെയെല്ലാം ശ്രമിച്ചു. എന്നാല്‍, ഞങ്ങള്‍ പിന്തള്ളപ്പെട്ടു. ഇനി പുതിയ തലമുറയുടെ സമയമാണ്.’-ക്ളാര്‍ക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.