ത്രിദിനം, ആദ്യം ഇന്ത്യന്‍ ദിനം

കൊളംബോ: കടല്‍കടന്ന് ലങ്കന്‍ മണ്ണില്‍ പോരിനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദ്യ സന്നാഹ മത്സരത്തില്‍ മികച്ച തുടക്കം. ശ്രീലങ്ക ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ ത്രിദിന മത്സരത്തില്‍ ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന മധ്യനിര ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയുടെയും അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ ശിഖര്‍ ധവാന്‍െറയും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ദ്വീപിലെ ആദ്യ മത്സരത്തില്‍ ടോസിന്‍െറ ആനുകൂല്യം കറങ്ങിവീണത് ലങ്കന്‍ കളത്തിലായിരുന്നു. ക്യാപ്റ്റന്‍ ലാഹിറു തിരിമന്നെ ഇന്ത്യയെ ബാറ്റുചെയ്യാന്‍ വിട്ടു. ആദ്യ വിക്കറ്റില്‍ കരുതലോടെ കളിച്ച ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 108 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് വേര്‍പിരിഞ്ഞത്. 43 റണ്‍സെടുത്ത രാഹുല്‍ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വന്നതും പോയതും ഒന്നിച്ചായിരുന്നു. യഥാക്രമം ഏഴും എട്ടും റണ്‍സ് സ്കോര്‍. ഉടന്‍ 62 റണ്‍സെടുത്ത ധവാനും പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ നാലു വിക്കറ്റിന് 133.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഒരുവിധം കരക്കടുപ്പിച്ചത്. 109 റണ്‍സുമായി രഹാനെ പുറത്താകാതെ നിന്നപ്പോള്‍ 42 റണ്‍സെടുത്ത് പൂജാര പുറത്തായി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് മൂന്നു റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 10 റണ്‍സുമായി ആര്‍. അശ്വിനാണ് രഹാനെക്ക് കൂട്ട്. കസുന്‍ രജിത മൂന്നു വിക്കറ്റ് വീഴ്ത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.