മെഡലില്ലെങ്കിലും സമ്മാനത്തില്‍ ഇന്ത്യ നമ്പര്‍ വണ്‍

ന്യൂഡല്‍ഹി: നമ്മുടെ പി.വി. സിന്ധുവിനും സാക്ഷി മാലിക്കിനും മാത്രമല്ല, ലോകത്തെല്ലായിടത്തും ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് പൂക്കാലമാണ്. റിയോ ഒളിമ്പിക്സില്‍ ജേതാക്കളായി നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് അതാത് രാജ്യങ്ങള്‍ സമ്മാനിച്ചത് വമ്പന്‍ സമ്മാനങ്ങള്‍. പക്ഷേ, കോളടിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള മെഡല്‍ പട്ടികയില്‍ പിന്നിലുള്ള രാജ്യങ്ങളിലെ ചാമ്പ്യന്മാര്‍. അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഒളിമ്പിക്സ് ജേതാക്കളേക്കാള്‍ ബഹുദൂരം മുന്നിലാണ് നമ്മുടെ വെള്ളി, വെങ്കല ജേതാക്കള്‍. സിന്ധുവിന് 13 കോടി രൂപയാണ് ഇതിനകം സമ്മാനമായി വാഗ്ദാനം ലഭിച്ചത്. ഭൂമിയും ഫ്ളാറ്റും മറ്റുമായി ആകെ 21 കോടിവരെയത്തെുമെന്നാണ് കണക്ക്. സാക്ഷിക്കും കിട്ടി കോടികള്‍ സമ്മാനം. എന്നാല്‍, മെഡല്‍ പട്ടികയില്‍ മുന്നിലുള്ളവര്‍ സമ്മാനപ്രഖ്യാപനത്തില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം പിന്നില്‍. ഇന്ത്യ കോടികള്‍കൊണ്ട് അമ്മാനമാടിയപ്പോള്‍ ലക്ഷങ്ങളേ വരൂ അമേരിക്കയുടെയും റഷ്യയുടെയുമെല്ലാം സമ്മാനങ്ങള്‍.

റഷ്യയില്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 40 ലക്ഷം റൂബിളാണ് നല്‍കിയത്. ഏതാണ്ട് 41 ലക്ഷം രൂപ. വെള്ളിക്ക് 26 ലക്ഷവും വെങ്കലത്തിന് 17 ലക്ഷവും. ദക്ഷിണ കൊറിയ 36 ലക്ഷം രൂപയാണ് സ്വര്‍ണ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചത്. വെള്ളിക്ക് 18 ലക്ഷവും വെങ്കലത്തിന് 10 ലക്ഷവും. മൂന്നാമതുള്ളത് അടുത്ത ഒളിമ്പിക്സ് വേദിയായ ജപ്പാന്‍. 50 ലക്ഷം യെന്‍ (33.4 ലക്ഷം രൂപ) ആണ് സമ്മാനമായി നല്‍കിയത്. വെള്ളിക്ക് 13 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവുമാണ് ജപ്പാന്‍െറ സമ്മാനം. ജര്‍മനിയാണ് തൊട്ടുപിന്നില്‍ (14 ലക്ഷം, 11 ലക്ഷം, 7 ലക്ഷം). അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഒളിമ്പിക്സ് ചാമ്പ്യന്മാരായ അമേരിക്ക. സ്വര്‍ണ ജേതാക്കള്‍ക്ക് 25,000ഡോളറാണ് ബോണസായി പ്രഖ്യാപിച്ചത്. ഏതാണ്ട് 16 ലക്ഷം രൂപ. വെള്ളിക്ക് 10 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവും. കാനഡ സ്വന്തം സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമാണ് ഒന്നാം സ്ഥാനക്കാരായ അമേരിക്ക നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.