ദോഹ: ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് മാമാങ്കം കൂടിയെത്തുന്നു. ബാസ്കറ്റ്ബാളിന്റെ ലോകപോരാട്ടത്തിന് 2027ൽ ഖത്തറിലൂടെ അറബ് ലോകം ആദ്യമായി ആതിഥ്യമൊരുക്കും. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) സെൻട്രൽ ബോഡ് യോഗത്തിലാണ് ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ലോകകപ്പ് ഫുട്ബാളിന് മികച്ച സംഘാടനം ഒരുക്കി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഖത്തർ കായിക ലോകത്തിന്റെ പുതുകേന്ദ്രമായി മാറിയാണ് ഫിബ ബാസ്കറ്റ്ബാളിനും ആതിഥ്യമൊരുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആതിഥേയരെന്ന നിലയിൽ ഖത്തറിനും മത്സരിക്കാം. അറബ് ലോകത്തിന് ആദ്യ അവസരമാണെങ്കിലും ഏഷ്യയിൽ തുടർച്ചയായി മൂന്നാം വേദിയാണിത്.2019ൽ ചൈനയായിരുന്നു വേദി. ഈ വരുന്ന ആഗസ്റ്റിൽ നടക്കുന്ന 19ാം ലോകകപ്പിന് ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നിവർ സംയുക്തമായാണ് വേദിയൊരുക്കുന്നത്.
നിരവധി അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ ആതിഥേയ താൽപര്യത്തിന് അംഗീകാരം നൽകിയതെന്ന് ഫിബ വിശദീകരിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ വിജയമായി മാറിയ ഒതുക്കമുള്ള ഭൂമിശാസ്ത്രം, ആരാധകർക്ക് മികച്ച സേവനം നൽകുന്നതിനുള്ള സൗകര്യം, ടൂർണമെന്റ് വേദികളുടെ മികവ്, ഒപ്പം സുസ്ഥിരതക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ എന്നിവ ഖത്തറിന്റെ ബിഡിന് അനുകൂലമായി.
ലോകത്തിന്റെ ഏത് കോണുമായും ബന്ധിപ്പിക്കുന്ന വിമാന പാതയായി ദോഹ മാറിയത് ടീമുകൾക്കും ഒഫിഷ്യലുകൾക്കും ആരാധകർക്കും എത്തിച്ചേരാൻ സഹായിക്കും. റോഡുകൾ, മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ, സന്ദർശകർക്കുള്ള മികച്ച സേവനങ്ങൾ എന്നിവയും ഖത്തറിന് അനുകൂല ഘടകമായി.
ദോഹ നഗരത്തിനുള്ളിൽ തന്നെ എല്ലാ വേദികളും ഒരുക്കാൻ കഴിയുന്നതും കാർബൺ ബഹിർഗമനം കുറച്ചുള്ള കാർബൺ ന്യൂട്രൽ മേള എന്ന വാഗ്ദാനവുമാണ് പ്രബലം. മിഡിൽ ഈസ്റ്റിലും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലും ഏറെ കാണികളുള്ള ബാസ്കറ്റ്ബാളിന് 10 ലക്ഷം കാണികളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, മേഖലയിൽ ആദ്യമായി ബാസ്കറ്റ്ബാൾ ലോകകപ്പ് എത്തുന്നതോടെ മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക രാജ്യങ്ങളിലെ പ്രചാരത്തിനും വഴിയൊരുക്കും.
ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ട ഖത്തറിനെയും ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷനെയും ഫിബ പ്രസിഡന്റ് ഹമാൻ നിയാങ് അഭിനന്ദിച്ചു.‘‘ക്യു.ബി.എഫ് ബിഡ് ഫിബ സെൻട്രൽ ബോർഡിന് മതിപ്പു നൽകുന്നതാണ്. ബിഡ് സമർപ്പണത്തിന്റെ ഭാഗമായി അവർ പൂർത്തിയാക്കിയ ജോലികളിൽ അഭിനന്ദനം അറിയിക്കുന്നു. 2027ലെ ലോകകപ്പ് ഖത്തറിന് സമർപ്പിക്കുന്നതിൽ സെൻട്രൽ ബോർഡിന് അതിയായ സന്തോഷമുണ്ട്’’-ഹമാൻ നിയാങ് പറഞ്ഞു.
2017ലായിരുന്നു ബാസ്കറ്റ്ബാൾ ലോകകപ്പ് വേദിക്കായി ഖത്തർ നടപടി ആരംഭിച്ചത്.ബിഡ് പൂർത്തിയാക്കുന്നതിന് ആവശ്യമായ അടിസ്ഥാന ജോലി പൂർത്തിയാക്കിയും വിശദ പദ്ധതി സമർപ്പിച്ചുമായിരുന്നു ലോക ബോഡിയുടെ അംഗീകാരം നേടിയത്.ബാസ്കറ്റ്ബാൾ ലോകകപ്പ് ചരിത്രത്തിലെ മികച്ച മേളയായി ഖത്തർ 2027 മാറുമെന്ന് ഫിഫ സെക്രട്ടറി ജനറൽ ആന്ദ്രെ സാഗ്ക്ലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.