ശുഭ്മൻ ഗില്ലും സഞ്ജു സാംസണും പരിശീലനത്തിനിടെ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിലെ വലിയ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ്. എന്ത് തെറ്റാണ് സഞ്ജു സാംസൺ ചെയ്തത്. ഇത്തരത്തിലുള്ള പരിഗണനയാണോ അയാൾ അർഹിക്കുന്നത്. ഒരു വിശദീകരണവും നൽകാതെ ടീം മാനേജ്മെന്റ് ഓപ്പണിങ്ങിൽ വരുത്തിയ മാറ്റത്തേയും റോബിൻ ഉത്തരപ്പ വിമർശിച്ചു.
സഞ്ജു സാംസണും അഭിഷേക് ശർമ്മയും തമ്മിലുള്ള കൂടുക്കെട്ടിൽ എന്താണ് പ്രശ്നമെന്നും ഒരു കൂടിയാലോചന പോലും നടത്താതെ ഇവരുടെ കൂട്ടുകെട്ട് പൊളിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സഞ്ജുവിന് അവസരം നൽകിയപ്പോൾ മൂന്ന് സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. എന്നാൽ, ഈ രീതിയിൽ തിളങ്ങാൻ ഗില്ലിന് കഴിഞ്ഞിരുന്നില്ലെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.
"കളിച്ച് തെളിയിച്ച ഒരു ഓപ്പണറാണ് സഞ്ജു. അഭിഷേക് ശർമ്മയുടെ ശരാശരിക്ക് തൊട്ടുതാഴെയാണ് ശരാശരി. എന്നിട്ട് അദ്ദേഹത്തെ മിഡിൽ ഓർഡറിലേക്ക് മാറ്റാനും പിന്നീട് പതിയെ പുറത്താക്കാനും തീരുമാനിച്ചു. അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്? അതാണ് എന്റെ ചോദ്യം. അയാൾക്ക് ആ അവസരം അർഹതപ്പെട്ടതാണ്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. 51റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 19.1ഓവറിൽ 162 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ1–1നു തുല്യനിലയിലായി. ഇന്ത്യൻ നിരയിൽ തിലക്‍വർമ മാത്രമാണ് മികച്ച ബാറ്റിങ് കാഴ്ചവെച്ചത് 34 പന്തിൽ 62 റൺസ്.ആദ്യ ഓവറിൽ ഓപണറായിറങ്ങിയ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ഗോൾഡൻ ഡക്കായി പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.