ന്യൂഡൽഹി: അനിശ്ചിതത്വം അവസാനിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപവത്കരിക്കുന്നത് ആലോചിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഡിസംബർ 20ന് ചേരുന്ന ഫെഡറേഷൻ യോഗം ഈ വിഷയം ചർച്ച ചെയ്യും.
ഐ.എസ്.എൽ ക്ലബുകളാണ് നിർദേശം നേരത്തെ മുന്നോട്ടുവെച്ചത്. പരിഗണിക്കാവുന്നതാണെന്ന് കാണിച്ച് എല്ലാ ക്ലബുകൾക്കും ഫെഡറേഷൻ കത്തയച്ചിട്ടുണ്ട്. ഇതുവരെയും ഐ.എസ്.എൽ സംഘാടനം നിർവഹിച്ച എഫ്.എസ്.ഡി.എല്ലുമായി കരാർ ഡിസംബർ എട്ടിന് അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിർദേശം.
ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാനായി കേന്ദ്ര കായിക മന്ത്രി
മുൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ ഐ.എസ്.എൽ ക്ലബ് അധികൃതരും മുൻ വാണിജ്യ പങ്കാളികളും എന്നിവർ പങ്കെടുത്തു.
ഐ.എസ്.എൽ ഉൾപ്പെടെയുള്ള ആഭ്യന്തര ഫുട്ബാൾ ലീഗ് നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താനാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. സുപ്രീംകോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഐ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാനുള്ള സാധ്യത മങ്ങിയതോടെ വിഷയത്തിൽ ഇടപെടാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.
ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് ഐ.എസ്.എൽ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍) പിന്മാറിയത്. കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.