'പിന്തുണ ലഭിച്ചാൽ നമ്മുടെ കുട്ടികൾ ലോകം കീഴടക്കും'; വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. കോഴിക്കോട് തിരുവമ്പാടിയിലുള്ള വീട്ടിലെത്തിയ പ്രിയങ്ക, വിദർശയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും പങ്കുവെക്കുകയും ചെയ്തു.
വിദർശയുടെ പരിശീലന കാര്യങ്ങളെക്കുറിച്ചും കായികജീവിതത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. "വിദർശയുടെ നേട്ടത്തിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. വയനാടിനും രാജ്യത്തിനാകെയും ഇത് അഭിമാന നിമിഷമാണ്. നമ്മുടെ കുട്ടികൾ വലിയ കഴിവുള്ളവരാണ്. ശരിയായ പരിശീലനവും പിന്തുണയും ലഭിച്ചാൽ അവർക്ക് ഇതുപോലെ അന്താരാഷ്ട്ര വേദികളിൽ വലിയ വിജയങ്ങൾ വെട്ടിപ്പിടിക്കാനാകും," പ്രിയങ്ക കൂട്ടിച്ചേർത്തു.
നഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ വിദർശയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. ശനിയാഴ്ച നടന്ന വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശയടങ്ങിയ സംഘം ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്. തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. നേരത്തേ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവൻ, സോനം മസ്‌കർ എന്നിവർക്കൊപ്പം വിദർശ മറ്റൊരു വെള്ളി മെഡൽ കൂടി കരസ്ഥമാക്കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ തിരുവമ്പാടിക്ക് സമീപം തമ്പലമണ്ണയിലാണ് വിദർശ ജനിച്ചുവളർന്നത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം. 2018-ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠനകാലത്ത് എൻ.സി.സി പരിശീലനത്തിനിടെയാണ് വിദർശയിലെ 'ഷൂട്ടറെ' ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. തുടർന്ന് കോഴിക്കോട് റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് പരിശീലനമാരംഭിച്ച താരം, കൂടുതൽ മികച്ച പരിശീലനത്തിനായി തിരുവനന്തപുരത്തേക്കും പിന്നീട് ഡൽഹിയിലേക്കും ചേക്കേറുകയായിരുന്നു. ഹരിയാണ സ്വദേശിയായ മനോജിന്റെ കീഴിലാണ് വിദർശ ഇപ്പോൾ പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.