ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ - ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചതോടെയാണ് മത്സരക്രമം തീരുമാനമായത്. ഇതോടെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താൻ എതിരാളികളാകും. സെപ്റ്റംബർ 28 നാണ് ഇന്ത്യ - അഫ്‌ഗാന്‍ ക്വാർട്ടർ പോരാട്ടം നടക്കുക.

മത്സരം ഉപേക്ഷിച്ചതോടെ നേപ്പാൾ ഗ്രൂപ്പ് എ ചാമ്പ്യന്മാരാവുകയും അഫ്ഗാൻ രണ്ടാം സ്ഥാനക്കാരുമായും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇതോടെയാണ് അഫ്ഗാൻ ഇന്ത്യയുടെ എതിരാളികളായത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാളിന്റെ എതിരാളികൾ ശ്രീലങ്കയാണ്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.

നേപ്പാൾ - ജപ്പാൻ മത്സരം മഴമൂലം 15 ഓവറായി വെട്ടികുറച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ നിശ്ചിത ഓവറിൽ സന്ദീപ് ജോറയുടെയും ലോകേഷ് ബാമിന്റെയും കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. 150 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ജപ്പാൻ തയ്യാറെടുത്തെങ്കിലും കനത്ത മഴ വില്ലനായി. കനത്ത മഴ തുടർന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നേപ്പാൾ കരുത്തരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയമാണ് നേപ്പാളിനെ ഗ്രൂപ്പ് ചാമ്പ്യമാരാക്കിയത്.

അതേസമയം, സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ സംഘം മത്സരത്തിനൊരുങ്ങുന്നത്. ടൂർണമെന്റിനായി പ്രധാന ടീമിനെ തന്നെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാമുണ്ട്.

ക്വാർട്ടർ ഫൈനൽ ലൈനപ്പ്

  • പാകിസ്‌താന്‍ vs ഹോങ്കോങ് - സെപ്റ്റംബർ 28 - രാവിലെ 5:30
  • ഇന്ത്യ vs അഫ്‌ഗാനിസ്താന്‍ - സെപ്റ്റംബർ 28 - രാവിലെ 10:00
  • ശ്രീലങ്ക vs നേപ്പാൾ - സെപ്റ്റംബർ 29 - രാവിലെ 5:30
  • ബംഗ്ലാദേശ് vs മലേഷ്യ - സെപ്റ്റംബർ 29 - രാവിലെ 10:00
Tags:    
News Summary - Asian Games: India to face Afghanistan in quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.