ഇത് ചെറിയ നേട്ടമല്ല...; പൊരുതി വീണ പ്രഗ്‌നാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ചെസ് ലോകകപ്പ് ഫൈനലിൽ ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണോട് പൊരുതി വീണ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ കാർസണെ വിറപ്പിച്ചാണ് പ്രഗ്‌നാനന്ദ കീഴടങ്ങിയത്. എങ്കിലും പതിനെട്ടുകാരൻ നേടിയ വെള്ളിക്ക് സ്വർണത്തിളക്കമുണ്ട്. ടൈബ്രേക്കറിൽ ഒന്നര പോയന്‍റ് നേടിയാണ് കാൾസൺ കരിയറിലെ ആദ്യ ലോക കിരീടം നേടുന്നത്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്.

ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. ‘ചെസ് ലോകകപ്പിലെ പ്രഗ്‌നാനന്ദയുടെ ശ്രദ്ധേയ പ്രകടനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു! അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ഫൈനലിൽ ശക്തനായ മാഗ്നസ് കാൾസണ് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. ഇത് ചെറിയ നേട്ടമല്ല. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകട്ടെ’ -പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ഗെയിമുകൾ സമനിലയിൽ പിരിഞ്ഞതോടെയാണ് ഫൈനൽ പോരാട്ടം ടൈബ്രേക്കറിലേക്ക് കടന്നത്. ആദ്യ മത്സരം 35 നീക്കങ്ങൾക്ക് ശേഷം സമനിലയിൽ അവസാനിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന ഒരു മണിക്കൂർ മാത്രം നീണ്ട രണ്ടാം മത്സരത്തിൽ 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിച്ചു.

Tags:    
News Summary - PM Modi Hails Praggnanandhaa After Chess World Cup Silver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.