കോഴിക്കോട്: ഐ.എസ്.എല്‍ 12ാം പതിപ്പ് മത്സരം വാതിൽപ്പടിയിലെത്തിനിൽക്കെ ഹോം ഗ്രൗണ്ട് തീരുമാനമാകാതെ സമ്മർദ്ദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ഹോം മാച്ചുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഗ്രൗണ്ട് കൈമാറിക്കിട്ടാത്തതാണ് ടീമിനെ സമ്മർദ്ദത്തിലാക്കുന്നത്. നിലവിലെ ഹോംഗ്രൗണ്ടായ കൊച്ചിയിലേക്കുതന്നെ ചേക്കേറാനുള്ള സാധ്യതകൂടി ആരായുകയാണ് ടീം. ഫെബ്രുവരി 14ന് ഐ.എസ്.എൽ തുടങ്ങാനിരിക്കെയാണ് ഗ്രൗണ്ടില്ലാതെ ടീം കളിത്തട്ട് അന്വേഷിച്ച് നടക്കുന്നത്.
ഐ.എസ്.എല്‍ മത്സരങ്ങളുടെ ക്രമപ്പട്ടിക പുറത്തുവന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. രണ്ടു ദിവസത്തിനകം ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് ഐ.എസ്.എൽ സംഘാടകർ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഈ സീസണിന്റെ കിക്കോഫ് കൊല്‍ക്കത്തയിലാണ്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. 14 ടീമുകളാണ് ലീഗില്‍ കളിക്കാനെത്തുക. മത്സരങ്ങള്‍ മേയ് 17 വരെ നീളും.
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയെത്തുടർന്ന് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം ഉണങ്ങിനശിച്ചതാണ് ഗ്രൗണ്ട് കൈമാറിക്കിട്ടാൻ കാലതാമസത്തിനിടയാക്കിയത്. ഇതുവരെ ഗ്രൗണ്ട് കേരള ഫുട്ബാൾ അസോസിയേഷന് കൈമാറിക്കിട്ടിയിട്ടുമില്ല. പുല്ലുകൾ കിളിർത്തു തുടങ്ങിയിട്ടുണ്ടെങ്കിലും ഭാരംകൂടിയ ലോറികൾ കയറിയിറങ്ങിയതിനാൽ ഗ്രൗണ്ട് അമർന്നുപോയിട്ടുണ്ട്. ഇത് മൈതാനത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തിയതായാണ് വിലയിരുത്തൽ. കളിക്കാർക്കുണ്ടാക്കുന്ന പരിക്ക് വർധിപ്പിക്കുമെന്നും ആശങ്കയുണ്ട്.
സൂപ്പർ ലീഗ് വേളയിലെ ഗ്രൗണ്ട് പരിശോധന നടത്തി മെച്ചപ്പെട്ടതെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്സ് കോർപറേഷൻ സ്റ്റേഡിയത്തെ ഹോം ഗ്രൗണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. അതിനുശേഷമാണ് റേസിങ് മത്സരം സംഘടിപ്പിച്ചത്. കോടികൾ മറിഞ്ഞ മത്സരത്തിൽ ഇടനിലക്കാർ വൻ തുക കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു. പുൽമൈതാനത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കില്ലെന്നും അഹ്മദാബാദ് ഉൾപ്പെടെയുള്ള പല സ്റ്റേഡിയത്തിലും ഇത്തരം മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് മൈതാനത്തിന്റെ നടത്തിപ്പുകാരായ കേരള ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.