പാകിസ്താൻ ക്രിക്കറ്റ്

‘പാകിസ്താൻ നിലപാട് തിരുത്തും, ഇന്ത്യക്കെതിരെ കളിക്കും’; പി.സി.ബി സമ്മർദത്തിലെന്നും മുൻതാരം

ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പാകിസ്താൻ പിന്മാറുമെന്ന് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ആർ. അശ്വിൻ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തങ്ങളുടെ നിലപാട് മാറ്റാൻ നിർബന്ധിതരാകുമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കേണ്ടത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ശ്രീലങ്കയിലേക്ക് പോകാൻ പാക് സർക്കാർ ടീമിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിലാണ് അവർ.

പാകിസ്താൻ വിട്ടുനിന്നാൽ ബ്രോഡ്കാസ്റ്റർമാർക്കും ഐ.സി.സിയിലെ മറ്റ് അംഗരാജ്യങ്ങൾക്കും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഇത് ഐ.സി.സി മീറ്റിങ്ങുകളിൽ പാകിസ്താന് വലിയ സമ്മർദമുണ്ടാക്കും. കൂടാതെ, പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) കളിക്കുന്ന താരങ്ങൾക്ക് എൻ.ഒ.സി നിഷേധിക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. മത്സരം നടക്കുന്നത് ഇന്ത്യയിലല്ല, മറിച്ച് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലായതിനാൽ വേദി സംബന്ധിച്ച തർക്കത്തിന് പ്രസക്തിയില്ലെന്ന് അശ്വിൻ പറഞ്ഞു. ഒരു പ്രത്യേക ടീമിനെതിരെ കളിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരായ മത്സരത്തിൽനിന്ന് പിന്മാറുന്നത് പാകിസ്താൻ ക്രിക്കറ്റിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പി.സി.ബിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തുവരുന്ന തർക്കങ്ങൾക്കിടയിലും പാകിസ്താൻ ടീമിനെ കുറച്ചുകാണരുതെന്ന് അശ്വിൻ മുന്നറിയിപ്പ് നൽകി. ആസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ സമീപകാല പ്രകടനം (3-0ന്‍റെ വിജയം) മികച്ചതാണെന്നും, പാകിസ്താന്റെ ഏറ്റവും വലിയ ശത്രു അവരുടെ മനോഭാവമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സാമ്പത്തികമായും നിയമപരമായും ഉണ്ടാകാനിടയുള്ള തിരിച്ചടികൾ കണക്കിലെടുത്ത് പാകിസ്താൻ തങ്ങളുടെ കടുംപിടുത്തം ഉപേക്ഷിച്ച് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമെന്നാണ് അശ്വിൻ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യക്കും പാകിസ്താനും പുറമെ നമീബിയ, നെതർലൻഡ്‌സ്, യു.എസ്.എ എന്നീ ടീമുകളാണുള്ളത്. ടൂർണമെന്റ് ശനിയാഴ്ച ആരംഭിക്കും.

Tags:    
News Summary - Pakistan vs India | ICC T20I World Cup 2026 | PCB | BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.