ഇസ്‌ലാമബാദ്: ശനിയാഴ്ച ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നടക്കേണ്ട മത്സരത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ രാജ്യം വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമബാദിൽ നടന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്നും, കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടാണ് ഈ തീരുമാനമെന്നും ശഹ്ബാസ് ശരീഫ് സൂചിപ്പിച്ചു. നേരത്തെ, പാകിസ്താൻ ടീം ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങില്ലെന്ന് പാക് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ കാരണങ്ങൾ അവർ നൽകിയിരുന്നില്ല.
പാകിസ്താന്റെ തീരുമാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കങ്ങളിൽ എല്ലാ ടീമുകളും ഒരുപോലെ പങ്കെടുക്കണമെന്നും, ‘തെരഞ്ഞെടുത്ത മത്സരങ്ങൾ മാത്രം കളിക്കുക’ എന്ന രീതി മത്സരത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണെന്നും ഐ.സി.സി വ്യക്തമാക്കി. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി (പി.സി.ബി) ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഐ.സി.സി അറിയിച്ചു.
നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിക്കൊണ്ട് ഐ.സി.സി ഉത്തരവിറക്കിയിരുന്നു. ബംഗ്ലാദേശിനെ പിന്തുണച്ചുകൊണ്ടാണ് പാകിസ്താൻ ‘ഇന്ത്യാബഹിഷ്കരണ’ നിലപാട് സ്വീകരിച്ചത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ, നമീബിയ, നെതർലാൻഡ്‌സ്, യു.എസ്.എ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെയാണ് ടൂർണമെന്റ്.
ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം പി.സി.ബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024-2027 കാലയളവിൽ ഐ.സി.സിയിൽനിന്ന് പി.സി.ബിക്ക് ലഭിക്കേണ്ട വിഹിതം ഏകദേശം 14,400 കോടി ഡോളറാണ് (ഏകദേശം 40 ബില്യൺ പാകിസ്താൻ രൂപ). ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാൽ ഐ.സി.സി ഈ തുകയിൽ വൻ പിഴ ഈടാക്കാനോ തുക തടഞ്ഞുവെക്കാനോ സാധ്യതയുണ്ട്. ഐ.സി.സി ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഒപ്പിടുന്ന 'പാർട്ടിസിപ്പേറ്റിംഗ് നേഷൻസ് അഗ്രിമെന്റ്' പാകിസ്താൻ ലംഘിച്ചതായി കണക്കാക്കപ്പെടും. 'ഫോഴ്‌സ് മജൂർ' (ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ) പോലുള്ള കൃത്യമായ കാരണങ്ങളില്ലാതെ മത്സരം ബഹിഷ്കരിക്കുന്നത് കരാർ ലംഘനമാണ്.
ഇന്ത്യ-പാകിസ്താൻ മത്സരമാണ് ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ഈ മത്സരം നടക്കാതിരുന്നാൽ പ്രക്ഷേപണ അവകാശമുള്ള കമ്പനികൾക്കുണ്ടാകുന്ന വൻ നഷ്ടത്തിന് പാകിസ്താൻ ബോർഡ് നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. അടുത്തിടെ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനും മറ്റുമായി പി.സി.ബി വൻതുക ചെലവഴിച്ചിട്ടുണ്ട്. ഐ.സി.സിയിൽ നിന്നുള്ള വരുമാനം നിലച്ചാൽ പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റിനെയും താരങ്ങളുടെ ശമ്പളത്തെയുമെല്ലാം ഇത് ദോഷകരമായി ബാധിക്കും. മൊഹ്സിൻ നഖ്‌വിയുടെ നേതൃത്വത്തിലുള്ള പി.സി.ബിയും പാക് സർക്കാറും ഇന്ത്യക്കെതിരായ മത്സരത്തിൽനിന്ന് പിന്മാറുന്നത് പാകിസ്താൻ ക്രിക്കറ്റിന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക ആഘാതത്തിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.