സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്സൽ ചിത്രം: പി.ബി.ബിജു
തിരുവനന്തപുരം: കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ രാജയുടെ മണ്ണിൽ ട്രാക്കിലും പിറ്റിലും ഗ്രൗണ്ടിലും മിന്നൽ പിണർ തീർക്കാൻ കൗമാര കേരളം റെഡി. ആകാശത്ത് പെയ്തൊഴിയാൻ കാത്തുനിൽക്കുന്ന മഴമേഘങ്ങളെ സാക്ഷിയാക്കി 67ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് ദീപശിഖ തെളിയും.
വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബാളർ ഐ.എം. വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിക്കും. തുടർന്ന് കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാ കായിക പരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഓരോ ജില്ലയിൽനിന്നും 300 പേർ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും നടക്കും. ബുധനാഴ്ച മുതലാണ് മത്സരങ്ങൾ. 22 മുതൽ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക പോരാട്ടങ്ങളിൽ 20,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക.
ഗൾഫിലെ ഏഴ് സ്കൂളുകളിൽനിന്ന് 35 വിദ്യാർഥികളുമുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഏറനാട് എക്സ്പ്രസിൽ എത്തിയ കാസർകോട് സംഘത്തെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എറണാകുളത്തുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തും.
നഗരത്തിലെ സ്കൂളിലെ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ട്രോഫി ഘോഷയാത്രക്കൊപ്പം ചേരും. തുടർന്ന് നൂറുകണക്കിന് കായിതതാരങ്ങളുടെ അകമ്പടിയോടെ സ്വർണക്കപ്പ് ഉദ്ഘാടന വേദിയായ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് തിരിക്കും. പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. 2500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.