ചരിത്രം കുറിച്ച് അവനി ലേഖാര; ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
ടോക്യോ: പാരലിമ്പിക്സിൽ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിൾ 3 പൊസിഷൻസിൽ (എസ്.എച്ച്1) അവനി വെങ്കല മെഡൽ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ് സാങ് സ്വർണവും ജർമനിയുടെ നടാഷ ഹിൽട്രോ വെള്ളിയും നേടി. പാരലിമ്പിക്സിൽ ഒരേ ഗെയിംസിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കായിക താരമായി അവനി മാറി.
നേരത്തെ പാരലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിങ് (എസ്.എച്ച് 1) ഇനത്തിലായിരുന്നു അവനിയുടെ സുവർണനേട്ടം. ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ 12ാം മെഡൽ നേട്ടമാണിത്.
പാരലിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിലേത്. രണ്ട് സ്വർണം, ആറ് വെള്ളി, നാല് വെങ്കലമാണ് ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. അവാനല ലേഖാരയും (ഷൂട്ടിങ്) സുമിത് ആന്‍റിലുമാണ് (ജാവലിൻ ത്രോ) സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്.
ഭവിനബെൻ പേട്ടൽ (ടേബിൾ ടെന്നിസ്), മാരിയപ്പൻ തങ്കവേലു, നിശാദ്, പ്രവീൺ കുമാർ (ഹൈജംപ്), യോഗേഷ് (ഡിസ്കസ്), ദേവേന്ദ്ര ജജാരിയ (ജാവലിൻ) എന്നിവരാണ് വെള്ളി നേടിയ മറ്റ് താരങ്ങൾ. സുന്ദർ സിങ് (ജാവലിൻ, ശരദ് (ഹൈജംപ്), സിങ്രാജ് (ഷൂട്ടിങ്) എന്നിവരാണ് വെങ്കലമെഡൽ ജേതാക്കൾ. ഡിസ്കസ്േത്രായിൽ വിനോദ്കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട് അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.