സെന്റ് ലൂയിസ്: ആറ് പോയിന്റ് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയെ മറികടന്ന് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ ഫൈനൽസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ 15-13നായിരുന്നു പ്രഗ്നാനന്ദയുടെ ജയം. കിരീടത്തിനൊപ്പം 2 ലക്ഷം യുഎസ് ഡോളറിന്റെ ഒന്നാം സമ്മാനവും താരത്തിന് ലഭിച്ചു.
ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് ഇതോടെ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ഫൈനൽ ആരംഭിക്കുമ്പോൾ കരുവാനയേക്കാൾ ആറ് പോയിന്റ് പിന്നിലായിരുന്നു പ്രഗ്നാനന്ദ. എന്നാൽ റാപ്പിഡിലെ രണ്ട് മത്സരങ്ങളും ജയിച്ച് താരം ലീഡ് പിടിച്ചു. തുടർന്ന് ബ്ലിറ്റ്സിലെ മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെ 15-13 എന്ന സ്കോറിൽ കിരീടം ഉറപ്പിക്കുകയായിരുന്നു.
ആദ്യ ബ്ലിറ്റ്സ് മത്സരത്തിൽ പ്രഗ്നാനന്ദക്ക് ജയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും സമയ സമ്മർദത്തിനിടെ പിഴവ് സംഭവിച്ചു. ഇതോടെ കരുവാനക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. അതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസെന്റ് കീമറെ 18-12ന് തോൽപ്പിച്ചു. റാപ്പിഡിൽ ഇരുവരും ഓരോ ജയം വീതം നേടിയെങ്കിലും ബ്ലിറ്റ്സിലെ നാല് മത്സരങ്ങളും സ്വന്തമാക്കിയ സോ ഒരു മത്സരം ബാക്കിനിൽക്കെയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
ഇതിന് മുമ്പ് നടന്ന രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ പ്രഗ്നാനന്ദയും കരുവാനയും സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ കരുവാനയോട് 6-0ന് പരാജയപ്പെട്ട പ്രഗ്നാനന്ദ രണ്ടാം മത്സരത്തിൽ 3-3 സമനില നേടി. ആറ് പോയിന്റിന്റെ ലീഡുമായി ഫൈനൽ ദിനത്തിലേക്ക് കടന്ന കരുവാനയെ റാപ്പിഡിലെ രണ്ട് ജയങ്ങളിലൂടെ പ്രഗ്നാനന്ദ മറികടക്കുകയായിരുന്നു.
ചെസ് ലോകത്ത് ഇതിനകം ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് പ്രഗ്നാനന്ദ. 2023ലെ ഫിഡെ ലോകകപ്പിൽ ഫൈനലിലെത്തിയ അദ്ദേഹം മാഗ്നസ് കാൾസനോട് റണ്ണറപ്പായി. 2025ൽ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിലും സൂപ്പർബെറ്റ് ചെസ് ക്ലാസിക് റൊമാനിയയിലും കിരീടം നേടിയ പ്രഗ്നാനന്ദ അതേ വർഷം ഫിഡെ സർക്യൂട്ടും സ്വന്തമാക്കി. ഫിഡെ സർക്യൂട്ട് കിരീടത്തിലൂടെ 2026ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും അദ്ദേഹം യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.