ലോക ബാഡ്മിന്റൺ വേദിയിൽ വീണ്ടും 'മലയാളി പെരുമ'; മെഡൽ ഉറപ്പിച്ച് ട്രീസ-ഗായത്രി സഖ്യം

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കും കേരളത്തിനും അഭിമാനമായി ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ കരുത്തരായ ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് സെമിയിൽ കടന്നതോടെ ഇരുവരും ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടം ട്രീസ ജോളി സ്വന്തമാക്കി.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് ഇന്ത്യൻ ജോഡിയുടെ ചരിത്രവിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് നാലാം സീഡായ ചൈനയുടെ ജിയാ യി ഫാൻ – ഷാങ് ഷു ക്സിയാൻ സഖ്യത്തെ ഇന്ത്യ മുട്ടുകുത്തിച്ചത് (സ്കോർ: 16-21, 21-15, 21-13). മുൻപ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ട ചൈനീസ് സഖ്യത്തിനെതിരെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ട്രീസയും ഗായത്രിയും സ്വന്തം കാണികൾക്ക് മുന്നിൽ പുറത്തെടുത്തത്.

14 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലോക ചാമ്പ്യൻഷിപ്പിന്റെ വനിതാ ഡബിൾസിൽ ഇന്ത്യ ഒരു മെഡൽ ഉറപ്പിക്കുന്നത്. 2011-ൽ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ജോഡി അവസാന നാലിൽ ഇടംപിടിക്കുന്നത്. സെമി ഫൈനലിൽ ഒന്നാം സീഡായ ചൈനീസ് ജോഡിയാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് വെങ്കല മെഡൽ ലഭിക്കും.

പുരുഷ സിംഗിൾസിൽ എച്ച്.എസ് പ്രണോയ് വെങ്കലം നേടി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മറ്റൊരു മലയാളി മെഡൽ നേടുന്നത്. 2023-ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു പ്രണോയിയുടെ മെഡൽ നേട്ടം. ക്വാർട്ടറിൽ വിക്ടർ അക്‌സെൽസണെ അട്ടിമറിച്ച് മുന്നേറിയ പ്രണോയ് അന്ന് സെമിയിൽ കീഴടങ്ങുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരവും പ്രണോയ് ആയിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ ട്രീസ ജോളിയും നടന്നു കയറുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ട്രീസയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇത് വലിയ ആശങ്കകൾക്ക് വഴിവെച്ചെങ്കിലും ഇന്തൊനേഷ്യൻ ഓപ്പണിലൂടെ കോർട്ടിലേക്ക് തിരിച്ചെത്തിയ ഇരുവരും, കഴിഞ്ഞ മാസം ഫിലിപ്പീൻസ് ഇന്റർനാഷണൽ ചലഞ്ചിൽ കിരീടം ചൂടി ഫോം വീണ്ടെടുത്തിരുന്നു.

ഹൈദരാബാദിൽ വെച്ചാണ് ട്രീസയും ദേശീയ പരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും ഡബിൾസ് പങ്കാളികളാകുന്നത്. ബാക്ക് കോർട്ടിൽ നിന്നുള്ള ട്രീസയുടെ അറ്റാക്കിങ് ഗെയിം ഗായത്രിക്ക് മികച്ച പിന്തുണ നൽകിയതോടെ ഈ കൂട്ടുകെട്ട് വൻ വിജയമായി മാറി. 2022, 2023 വർഷങ്ങളിൽ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ സെമി ഫൈനൽ, 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം, 2024 ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ സ്വർണം എന്നിവയും ഈ യുവ സഖ്യം ഇന്ത്യക്കായി നേടിയിട്ടുണ്ട്.

Tags:    
News Summary - Tresa and Gayatri Secure Historic World Championships Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.