ഹോക്കി ലോക കിരീടം നിലനിർത്തി ജർമനി; വനിതാ കിരീടമണിഞ്ഞ് അർജന്റീന

ആംസ്റ്റൽവീൽ: പുരുഷ ഹോക്കി ലോകകപ്പിൽ വീണ്ടും ജർമൻ മുത്തം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ സ്പെയിനിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ജർമനി തുടർച്ചയായി രണ്ടാം വട്ടവും കിരീടം ചൂടിയത്. 2023ലും കപ്പുയർത്തിയ ജർമൻ പടക്ക് നാലാം ലോകകിരീടമാണിത്.

കരുത്തരുടെ അങ്കമായി മാറിയ ഫൈനലിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. ആദ്യ രണ്ട് ക്വാർട്ടറിലും ഗോളുകൾ പിറക്കാത്ത നിമിഷങ്ങൾ. ഒടുവിൽ മൂന്നാം ക്വാർട്ടറിലെ 43ാം മിനിറ്റിൽ കളിയുടെ വിധി നിർണയിച്ച ഷോട്ടെത്തി. മൈകൽ സ്ട്രുതോഫായിരുന്നു ജർമനിക്ക് കിരീടമുറപ്പിച്ച ഗോൾ സമ്മാനിച്ചത്. അവസാന ക്വാർട്ടറിൽ സ്പെയിൻ ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിരോധം കനപ്പിച്ച് ജർമനി കിരീടം നിലനിർത്തി.

2002ലായിരുന്നു ജർമനി ആദ്യമായി കിരീടമണിഞ്ഞത്. ശേഷം 2006ലും 2023ലും ലോകകപ്പിൽ മുത്തമിട്ടു. ഏറ്റവും കൂടുതൽ ലോകകിരീടം നേടിയവർ എന്ന റെക്കോഡിൽ പാകിസ്താനൊപ്പവുമെത്തി. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനെ വീഴ്ത്തിയ അർജന്റീനയാണ് (2-1) മൂന്നാം സ്ഥാനക്കാർ.

ഫുട്ബാളിൽ മാത്രമല്ല, ഹോക്കിയിലും തങ്ങൾ കരുത്തരാണെന്ന് തെളിയിച്ച് ലോകകപ്പ് വനിതാ ഹോക്കിയിൽ അർജന്റീനയുടെ കിരീട വിജയം. 16 വർഷത്തെ ഇടവേളക്കു ശേഷമാണ് ഹോക്കി ലോകിരീടത്തിലേക്ക് അർജന്റീന തിരികെയെത്തുന്നത്. കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ ത്രില്ലറിനൊടുവിൽ നെതർലൻഡ്സിനെ വീഴ്ത്തിയായിരുന്നു അർജന്റീന വനിതകൾ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ അവസാനിച്ചതിനു പിന്നാലെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇവിടെ 3-1ന്റെ വിജയവുമായി അർജന്റീന കപ്പിൽ മുത്തമിട്ടു.

സ്വന്തം നാട്ടുകാരുടെ ആരവങ്ങൾക്കിടയിൽ പൊരുതിയ നെതർലൻഡ്സിനെതിരെ കളിയുടെ നാലാം ക്വാർട്ടറിലായിരുന്നു അർജന്റീനയുടെ സമനില ഗോളെത്തിയത്. 54ാം മിനിറ്റിൽ മരിയ ഗ്രനറ്റോ സമനില ഗോൾ കുറിച്ചു. തുടർച്ചയായി നാലാം ലോകകിരീടം എന്ന ആതിഥേയ പെൺപടയുടെ മോഹമാണ് അർജന്റീന ഷൂട്ടൗട്ട് ത്രില്ലറിൽ മറികടന്നത്. നേരത്തെ 2002ലും 2010ലുമായിരുന്നു അർജന്റീന ലോകകപ്പ് ജേതാക്കളായത്. വെങ്കല മെഡൽ മത്സരത്തിൽ ആസ്ട്രേലിയയെ 1-0ത്തിന് തോൽപിച്ച് ബെൽജിയം ജയിച്ചു. ഇന്ത്യയാണ് അഞ്ചാം സ്ഥാനക്കാർ.

Tags:    
News Summary - Germany retains the Hockey World Cup; Argentina crowned women's champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.